 
ഓച്ചിറ: കുഞ്ഞുങ്ങൾക്കുള്ള സ്നേഹസമ്മാനവുമായി വിദ്യാർത്ഥികൾ അഴീക്കൽ തീരത്തെത്തി. കൈനിറയെ സമ്മാനങ്ങൾ ലഭിച്ചതോടെ കുഞ്ഞുങ്ങൾക്കും വലിയ സന്തോഷമായി. നാഷണൽ സർവ്വീസ് സ്കീമിന്റെ ഗോത്രവർഗ കടലോര പ്രദേശത്തുള്ളവരുടെ ഉന്നമനത്തിനുള്ള കാടും കടലും പദ്ധതിയുടെ ഭാഗമായാണ് പ്രയാർ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹസമ്മാനങ്ങളുമായി വിദ്യാർഥികൾ എത്തിയത്. ആലപ്പാട്ട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ബാഗും ബുക്കും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് കടലോളം വാത്സല്യം പദ്ധതി പ്രകാരം വിതരണം ചെയ്തത്.
സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ബി. ഹരിമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജി. ജയശ്രീ സ്വാഗതം പറഞ്ഞു. ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായ, ബേബി, പ്രേമചന്ദ്രൻ, പ്രഥമ അദ്ധ്യാപിക പി.മായ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ആർ വത്സൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിമൽ കുമാർ, എസ്. അഞ്ജലി, പ്രദീപ്, വോളന്റിയർ ലീഡർമാരായ ദേവനാരായണൻ, അനുഷ്‌ക അനിൽകുമാർ, അതുൽ കൃഷ്ണ, ലക്ഷ്മികൃഷ്ണ എന്നിവർ സംസാരിച്ചു.