al

പുത്തൂർ: ഉത്സവത്തിനിടെ ദളിത് യുവാവിനെ പുത്തൂർ സ്റ്റേഷനിലെ പൊലീസുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായി. കുളക്കട കിഴക്ക് തുരിത്തിയമ്പലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് കുളക്കട കിഴക്ക് മൂഹുർത്തിക്കാവ് ലക്ഷം വീട്ടിൽ താമസിക്കുന്ന സതീഷിന് (25) മർദ്ദനമേറ്റത്.

മാർച്ച് 10ന് രാത്രി 9 ഓടെയായിരുന്നു സംഭവം. ഗാനമേളയ്ക്കിടയിൽ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് എഴോളം വരുന്ന പൊലീസുകാർ സതീഷിനെ ചൂരലും ഫൈബർ സ്റ്റിക്കും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെ പിന്തുടർന്ന് തല്ലി. നിലത്തുവീണപ്പോൾ വട്ടം ചുറ്റി നിന്ന് മർദ്ദിച്ചു. വസ്ത്രങ്ങളും വലിച്ചുകൂറി. സതീഷ് നിലവിളിച്ചെങ്കിലും പൊലീസുകാരുടെ കലി അടങ്ങിയില്ല. സതീഷിന്റെ സുഹൃത്ത് അടക്കമുള്ള മറ്റ് യുവാക്കളെ വിരട്ടിയോടിച്ചു. വാക്കുതർക്കവും അടിപിടിയും സംഘർഷത്തിലേക്ക് പോകാതിരിക്കാനാണ് ലാത്തിവീശിയതെന്നാണ് പുത്തൂർ പൊലീസിന്റെ വിശദീകരണം. പൊലീസ് അതിക്രമത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് സതീഷ് പറഞ്ഞു.