water-tank
ചെമ്പുമല കുടിവെള്ള പദ്ധതിയുടെ മലയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്ക്. പൈപ്പ് ലൈനുകൾ തകർന്നതും, സമീപത്ത് കാട് മൂടി കിടക്കുന്നതും കാണാം.

കുന്നിക്കോട് : ചെമ്പുമല കുടിവെള്ള പദ്ധതി പ്രവത്തനരഹിതമായിട്ട് കാലങ്ങളേറെയായി. വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. വീടുകളിലേക്ക് ദൂരെ നിന്ന് തല ചുമടായിട്ടാണ് പലരും വെള്ളമെത്തിക്കുന്നത്. വിളക്കുടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലാണ് ചെമ്പുമല കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്. 2000ൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പൗരസമിതിയും ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഗുണഭോക്താക്കളിൽ നിന്ന് ഒരു നിശ്ചിത തുക വാങ്ങിയതിനോടൊപ്പം എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ കൂടി ചെലവഴിച്ചായിരുന്നു നിർമ്മാണം.

പാറക്വാറി വന്നതോടെ

കുടിവെള്ളം കിട്ടാതെയായി

എഴുപതോളം കുടുംബങ്ങൾക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്. ഗാർഹിക കുടിവെള്ള കണക്ഷനുകൾക്ക് പുറമേ പൊതു ടാപ്പുകളും സ്ഥാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ അനുവദിച്ച 11 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു വാട്ടർ ടാങ്കുൾപ്പടെയുള്ള പ്രധാന ജോലികൾ നടത്തിയത്. ശേഷം 2015ൽ താന്നിത്തടം കോളനി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തി 24 കുടുംബങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തി. കുമരൻപാറ, കുറ്റിക്കോണം, ചെമ്പുമല, പുവർഹോം, താന്നിത്തടം കോളനി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടത്.

എന്നാൽ ചെമ്പുമലയുടെ സമീപത്തുള്ള കോലിഞ്ചിമലയിൽ പാറക്വാറി പ്രവർത്തനം ആരംഭിച്ചതോടെ പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിക്കാതെയായി. ക്വാറിയുടെ ഉടമസ്ഥർ ക്വാറിയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ നശിപ്പിച്ചതാണ് ഇതിന് കാരണമായി പ്രദേശവാസികൾ പറയുന്നത്. നിലവിൽ മലയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കിലേക്ക് പോകുന്നതും വരുന്നതുമായ എല്ലാ പൈപ്പ് ലൈനുകളും തകർന്നിരിക്കുകയാണ്.

ചിറ പാട്ടത്തിന് നൽകി

കുറ്റിക്കോണത്തുള്ള ചിറയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ജംഗ്ഷനിലുള്ള കിണറിൽ നിറച്ചതിന് ശേഷമാണ് ശുദ്ധീകരിച്ച് ചെമ്പുമല കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്യുന്നത്. അൻപതിനായിരം ലിറ്റർ സംഭരണശേഷിയാണ് ടാങ്കിനുള്ളത്. പൈപ്പ് ലൈനുകൾ തകർന്നതോടെ പമ്പിംഗ് നടത്താൻ കഴിയാതെയായി. കിണറ്റിൽ സ്ഥാഥാപിച്ചിരുന്ന ഇരുപത്തിയയ്യായിരം രൂപ വില വരുന്നു മോട്ടറും അനുബന്ധ സാമഗ്രികളും നശിച്ച് കിടക്കുകയാണ്. ചില ഭാഗങ്ങളാകട്ടെ മോഷണവും പോയിട്ടുണ്ട്. നിലവിൽ ചിറയിൽ നിന്ന് വെള്ളം എടുക്കാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് മത്സ്യക്കൃഷിക്ക് വേണ്ടി നാലായിരം രൂപക്ക് നാല് കൊല്ലത്തേക്ക് സ്വകാര്യ വ്യക്തിക്ക് ചിറ പാട്ടത്തിന് നൽകിയിരിക്കുകയാണ്.

പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമമുള്ളത് ചെമ്പുമലയിലാണ്. ചെമ്പുമല കുടിവെള്ള പദ്ധതി പ്രവർത്തിച്ചിരുന്നപ്പോൾ കുടിവെള്ളക്ഷാമത്തിന് ഒരു പരിഹാരമായിരുന്നു. ബന്ധപ്പെട്ടവർ ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം.

റെജീനാ തോമസ്

പതിനാലാം വാർഡംഗം