കൊല്ലം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട 15 കാരിയുമായി മുങ്ങിയ കോട്ടയം സ്വദേശിയായ യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരിക്കോട്, വടക്കേപ്പറമ്പിൽ വീട്ടിൽ അഭിജിത്ത് മണിയാണ് (23) അറസ്റ്റിലായത്.
ഒരുവർഷം മുമ്പാണ് അഭിജിത്തിനെ പരിചയപ്പെട്ടത്. 21 വയസുണ്ടെന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്. തിങ്കളാഴ്ച ഇരുവരും കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കണ്ടുമുട്ടുകയും പെൺകുട്ടി യുവാവിനൊപ്പം കോട്ടയത്തേക്ക് പോവുകയുമായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും കോട്ടയത്തുള്ളതായി മനസിലാക്കി. പൊലീസ് യുവാവിന്റെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അറിയിച്ചതോടെ യുവാവിന്റെ വീട്ടുകാർ ഇരുവരെയും വൈക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പൂയപ്പള്ളി എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ്, സജി ജോൺ, എ.എസ്.ഐമാരായ ചന്ദ്രകുമാർ, അനിൽകുമാർ, രാജേഷ്, ഡബ്ലു.സി.പി.ഒ ജുമൈലബീവി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.