കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണ, പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്.

ഇല്ലാത്ത പദ്ധതിക്ക് ഡി.പി.ആർ തയ്യാറാക്കി കോർപ്പറേഷന്റെ നികുതിപ്പണം പാഴാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ശ്മശാനങ്ങളിൽ ഈടാക്കുന്ന തുക 10 ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞ കൗൺസിൽ യോഗം അനുമതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ വൻ വർദ്ധനവ് വരുത്തിയതായി മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ജി. ഉദയകുമാർ ആരോപിച്ചു. കോർപ്പറേഷന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അറവുശാലകൾ പ്രവർത്തിക്കാത്തതിനാൽ നഗരവഴികളിൽ ഇറച്ചി മാലിന്യങ്ങൾ വർദ്ധിച്ചെന്ന് കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. കോർപ്പറേഷന് കീഴിലുള്ള പൊതുമാർക്കറ്റുകളിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളതെന്നും ഇതിനാൽ ജനങ്ങൾക്ക് മാർക്കറ്റുകളിലേക്ക് കയറാനാകാത്ത സ്ഥിതിയാണെന്നും ബി.ജെ.പി. കൗൺസിലർ ടി.ജി. ഗിരീഷ് പറഞ്ഞു. കോർപ്പറേഷന്റെ മാർക്കറ്റുകൾ ലേലത്തിനെടുക്കാൻ ആളില്ലെന്നും അതേസമയം സ്വകാര്യ വ്യക്തികൾ നടത്തുന്ന മാർക്കറ്റുകൾ വൻ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.