
കൊല്ലം: തീരദേശ ഹൈവേ വികസനം പ്രഖ്യാപിച്ച് മൂന്നു വർഷം കഴിഞ്ഞെങ്കിലും കാര്യങ്ങൾ നീങ്ങുന്നത് ഒച്ചിഴയും പോലെ. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു തീരദേശ ഹൈവേ. ദേശീയ പാതയിലെ തിരക്ക് കുറയ്ക്കലും സുഗമമായ ചരക്ക് നീക്കവും വിനോദ സഞ്ചാര വികസനവുമാണ് ലക്ഷ്യമിട്ടത്.
നിലവിലെ തീരദേശ റോഡുകളുടെ വീതി കൂട്ടിയും ഇല്ലാത്തിടത്ത് പുതിയ പാത നിർമ്മിക്കാനും ലക്ഷ്യമിട്ടിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി 2018 ഒക്ടോബറിൽ പദ്ധതിക്ക് ഭരണാനുമതി നൽകി. 2019 മാർച്ച് 10 ന് അന്നത്തെ പൊതുമരാമത്തു മന്ത്റി ജി.സുധാകരൻ മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര പാലം മുതൽ ഉണ്ണ്യാൽ ജംഗ്ഷൻ വരെയുള്ള 15 കിലോമീറ്ററിലെ ഒന്നാം സ്ട്രെച്ചിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറത്ത് രണ്ട് റീച്ചുകളിൽ മാത്രമാണ് ജോലികൾ ആരംഭിച്ചത്.
# അനക്കമുണ്ടായത് അടുത്തകാലത്ത്
രണ്ടാം പിണറായി മന്ത്രിസഭ വന്നതോടെ റോഡ് വികസനത്തിന് വീണ്ടും ജീവൻ വച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഫെബ്രുവരി 28 ന് മുൻപ് വിശദ പദ്ധതി രേഖ തയ്യാറാക്കാനും ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഏജൻസികളായ നാറ്റ് പാക്, ഐഡെക്ക്, എൽ ആൻഡ് ടി എന്നിവർക്ക് ഓരോ ജില്ലകളുടെയും പദ്ധതി രേഖ സമർപ്പിക്കുയും ചെയ്തു.
# സ്ഥലമേറ്റെടുക്കലിന് നടപടി
കാപ്പിൽ മുതൽ വലിയഴീക്കൽ വരെ കൊല്ലം ജില്ലയിൽ തീരദേശ പാത വികസനത്തിനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതേയുള്ളൂ. പാതയുടെ സർവേ നാറ്റ് പാക് നടത്തി. അലൈൻമെന്റ് തയ്യാറാക്കി സമർപ്പിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി കളക്ടർക്ക് റിപ്പോർട്ട് കൈമാറി. സ്ഥലം ഏറ്റെടുക്കാനുളള ഫണ്ടിനായി കിഫ്ബിയെയും സമീപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ 51 കിലോമീറ്ററാണ് തീരദേശ പാത വരുന്നത്. ഇതിൽ 10 കിലോമീറ്ററോളം ദൂരം ദേശീയ പാതയിൽ വരും. 54 ഹെക്ടർ സ്ഥലമാണ് റോഡ് വികസനത്തിനും പുനരധിവാസത്തിനുമായി ജില്ലയിൽ ഏറ്റെടുക്കുക.
...........................
 പ്രതീക്ഷിക്കുന്ന ചെലവ്: 6,500 കോടി
 9 ജില്ലകളിലായി 17റീച്ചുകൾ
 തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് തലപ്പാടി വരെ 657 കിലോമീറ്റർ നീളം.
..............................................................
കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ പദ്ധതി രേഖ നാറ്റ് പാക് സമർപ്പിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാവും.
ബി. ശ്രീകുമാർ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ