
കൊല്ലം: ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതെ വലയുകയാണ്
ജില്ലയിലെ 13 പഞ്ചായത്തുകൾ. ചെലവിന് ആനുപാതികമായ നികുതി അടക്കമുള്ള തനത് വരുമാനം ഇല്ലാത്തതാണ് സാമ്പത്തിക പ്രശ്‌നത്തിന് കാരണം.
പഞ്ചായത്ത് അംഗങ്ങളുടെ ഹോണറേറിയം വർദ്ധിച്ചതിനൊപ്പം ജീവനക്കാരുടെ ശമ്പള പരിഷ്കരണം കൂടി നിലവിൽ വന്നതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. ശമ്പളത്തിനും ഹോണറേറിയത്തിനും പുറമേ കറണ്ട് ബില്ല്, വാട്ടർ ചാർജ്ജ്, വാഹനങ്ങളുടെ പെട്രോൾ അടക്കമുള്ള ചെലവുകളും തനത് വരുമാനത്തിൽ നിന്നാണ് നൽകേണ്ടത്. കെട്ടിട നികുതി, തൊഴിൽകരം, വിവിധ ലൈസൻസ് ഫീസുകൾ, ചന്തകളുടെയും മറ്റ് ആസ്തികളുടെയും ലേലം തുടങ്ങിയവയാണ് തനത് വരുമാന സ്ത്രോതസ്. പൊതുചന്തകളിലേക്കുള്ള ജനങ്ങളുടെ വരവ് കുറഞ്ഞത് പല പഞ്ചായത്തുകളുടെയും ലേല വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ വരുമാനമുള്ള പഞ്ചായത്തുകൾ തനത് വരുമാനത്തിൽ നിന്ന് ചെലവുകൾ നടത്തിയ ശേഷം വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുന്നുണ്ട്. എന്നാൽ, പ്രതിസന്ധി നേരിടുന്ന പഞ്ചായത്തുകളുടെ വികസനം വാർഷിക പദ്ധതിയിലും മറ്റ് സർക്കാർ പദ്ധതികളിലും മാത്രം ഒതുങ്ങിനിൽക്കുകയാണ്.
ഫണ്ട് കൊണ്ട്
കാര്യമില്ല
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രത്യേക ജനറൽ പർപ്പസ് ഫണ്ടും വയബിലിറ്റി ഗ്യാപ് ഫണ്ടും അനുവദിക്കുന്നുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ജനസംഖ്യാനുപാതികമായാണ് സർക്കാർ ജനറൽ പർപ്പസ് ഫണ്ട് അനുവദിക്കുന്നത്. പ്രതിസന്ധി നേരിടുന്ന പഞ്ചായത്തുകളിൽ പലതും ജനസംഖ്യ കുറവുള്ളതാണ്. അതുകൊണ്ട് തന്നെ ഈ ഫണ്ടും അധികമായി ലഭിക്കുന്നില്ല. തനത് വരുമാനം വർദ്ധിപ്പിച്ച് പ്രതിസന്ധിയെ മറികടക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
പ്രതിസന്ധിയിലായ
പഞ്ചായത്തുകൾ
ആലപ്പാട്, ചിറക്കര, ക്ലാപ്പന, എഴുകോൺ, കുണ്ടറ, കുന്നത്തൂർ, മൺറോത്തുരുത്ത്, നെടുവത്തൂർ, നിലമേൽ, പത്തനാപുരം, പട്ടാഴി വടക്കേക്കര, പേരയം, പടിഞ്ഞാറെ കല്ലട.