 
ഓച്ചിറ: പഞ്ചായത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറകൾ റെഡി. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് പരിഹാരമാകാനാണ് ഓച്ചിറ ഗ്രാമ പഞ്ചായത്ത് അധികാരികൾ കാമറകൾ സ്ഥാപിച്ചത്. പബ്ലിക് മാർക്കറ്റിലെയും സമീപ പ്രദേശങ്ങളിലെ അറവുശാലകളിലെയും മാലിന്യങ്ങൾ വഴിയോരങ്ങളിലാണ് പതിവായി തള്ളിയിരുന്നത്. ജൈവമാലിന്യങ്ങളും കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും അടക്കമുള്ളവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായില്ല.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു വരുന്നു. വ്യാപാരസ്ഥാപനങ്ങടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്.
പഞ്ചായത്ത് നിർദ്ദേശങ്ങൾ
ഒരു വിഭാഗം ജനങ്ങൾ മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്നുണ്ട്. ഇവർ റോഡുകളും ജലാശയങ്ങളും പൊതുസ്ഥലങ്ങളും മലിനമാക്കി പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്. നമ്മുടെ മണ്ണിനോടും മനുഷ്യരോടും ഇവർ ചെയ്യുന്ന ദ്രോഹം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
ജി.രാധാകൃഷ്ണൻ,
പഞ്ചായത്ത് സെക്രട്ടറി,
ഓച്ചിറ.