 
കൊല്ലം: പെരുമൺ- പേഴുംതുരുത്ത് ജങ്കാർ നടത്തിപ്പുകാരെ വട്ടംകറക്കിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങി. ജങ്കാറിലെ ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധന വൈകിപ്പിക്കുന്നുവെന്ന് 'കേരളകൗമുദി' വാർത്തയിലൂടെ അറിഞ്ഞ മൺറോത്തുരുത്ത് സ്വദേശികൾ മാരിടൈം ബോർഡ് ചെയർമാൻ അടക്കമുള്ള ഉന്നതരെ ഫോണിൽ ബന്ധപ്പെട്ട് പരാതി അറിയിച്ചു. ഇതോടെ, മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പരിശോധന നീട്ടിക്കൊണ്ടുപോയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ജങ്കാർ ഉടമകളെ ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് വെള്ളിയാഴ്ച പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ 9 മുതൽ ജങ്കാറിന്റെ നടത്തിപ്പുകാർ ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കുകയാണ്. തുറമുഖ വകുപ്പിന്റെ അംഗീകാരമുള്ള കൊല്ലത്തെ യാർഡിൽ എത്തിച്ച് വേണം പരിശോധന നടത്താൻ. യാർഡിൽ ഒഴിവുള്ളപ്പോൾ ഉദ്യോഗസ്ഥന് സമയം കിട്ടില്ല. ഉദ്യോഗസ്ഥന് സമയമുള്ളപ്പോൾ യാർഡിൽ ഇടമുണ്ടാകില്ല. ഇങ്ങനെ സ്വകാര്യ യാർഡും ജീവനക്കാരും ചേർന്ന് ജങ്കാർ നടത്തിപ്പുകാരെ വട്ടംചുറ്റിക്കുകയായിരുന്നു. യാത്രാ ബോട്ടുകൾക്ക് മൂന്ന് വർഷം കൂടുമ്പോൾ ഫിറ്റ്നസ് പരിശോധന നടത്തണം. ഇതിനായി ഈമാസം ഏഴിന് സർവീസ് അവസാനിപ്പിച്ചു. ഫിറ്റ്നസ് പരിശോധന നടത്തി 11 മുതൽ സർവ്വീസ് പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ, തുറമുഖ വകുപ്പ് ജീവനക്കാർ ഈ കണക്കുകൂട്ടലുകളെല്ലാം അട്ടിമറിച്ചു. വെള്ളിയാഴ്ച പരിശോധന പൂർത്തിയായാൽ, ജങ്കാറിന്റെ പൊളിച്ചുമാറ്റിയ തട്ട് പുന:സ്ഥാപിക്കാൻ രണ്ട് ദിവസം വേണം. അതും കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ജങ്കാർ സർവീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
 ഗതാഗതം പ്രതിസന്ധിയിൽ
നേരത്തെ ഉണ്ടായിരുന്ന ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാത്തതിനൊപ്പം ജങ്കാർ സർവീസും മുടങ്ങിയതോടെ മൺറോതുരുത്തിൽ ഗതാഗത പ്രതിസന്ധി രൂക്ഷമായി. പ്രതിദിനം നൂറുകണക്കിന് യാത്രക്കാരാണ് പെരുമൺ- പേഴുംതുരുത്ത് ജങ്കാറിനെ ആശ്രയിക്കുന്നത്. നിലവിൽ വാഹനയാത്രക്കാരിൽ വലിയൊരു വിഭാഗം 24 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് കൊല്ലത്ത് എത്തുന്നത്.