humman

കൊല്ലം: തമിഴ്‌നാട്ടിൽ നിന്നുള്ള ശ്രീലങ്കൻ അഭയാർത്ഥികളെ കാനഡയിലേക്ക് കടത്തിയ സംഭവത്തിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയെ മനുഷ്യക്കടത്തുമായി​ ബന്ധപ്പെട്ട് തമിഴ്‌നാട് ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഈശ്വരിയുടെ പേരിൽ വാങ്ങിയ ബോട്ടിലാണ് എൺപതംഗസംഘം കാനഡയിലേക്ക് കടന്നതെന്ന് ക്യു ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. തമിഴ്‌നാട് തിരുനെൽവേലി പെരുമാൾപുരം ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പി​ൽ നിന്നുള്ള സംഘമാണ് രാമേശ്വരത്ത് നിന്ന് കടൽമാർ കാനഡയിലേക്ക് പോയത്. ഇതിന് നേതൃത്വം നൽകിയത് ഈശ്വരിയുടെ ബന്ധു കരുണാനിധിയാണ്. ഈശ്വരിയുടെ പേരിൽ കൊല്ലം നീണ്ടകരയിൽ നിന്ന് വാങ്ങിയ ബോട്ടിലായിരുന്നു യാത്ര. 50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിന് രൂപമാറ്റം വരുത്തിയെന്നും ഡീസൽ ടാങ്കിന്റെ വലിപ്പം വർദ്ധിപ്പിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട ക്യു ബ്രാഞ്ച് ഈശ്വരിയെ ചോദ്യം ചെയ്തിരുന്നു. നിരപരാധിയാണെന്നാണ് അന്ന് ഈശ്വരി നൽകിയ മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്കും മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി. ഈശ്വരി കേസിൽ ഏഴാം പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ യാത്രാമദ്ധ്യേ ബ്രട്ടീഷ് നാവികസേന പിടികൂടി ജയിലിലാക്കിയെന്നാണ് സൂചന.