fire
മോക്ഡ്രില്ലിന്റെഭാഗമായി ഐ ത്തോട്ടുവാ തോപ്പിൽ കടവിലെ വീടുകളിൽ നിന്നും ഫയർഫോഴ്സ് ജീവനക്കാർ ആളുകളെ രക്ഷപ്പെടുത്തുന്നു.

പടിഞ്ഞാറേകല്ലട: ഫയർ ഫോഴ്‌സ് വാഹനങ്ങളും അപായ ശബ്ദവും ആംബുലൻസുകളും സർക്കാർ വാഹനങ്ങളുമെല്ലാം കണ്ട് പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ പ്രദേശവാസികളെല്ലാം അമ്പരന്നു. ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഐത്തോട്ടുവാ തോപ്പിൽ കടവിൽ വെള്ളം കയറിയ പത്തോളം വീടുകളിൽ രക്ഷാപ്രവർത്തനം നടത്തി. കൊവിഡ് മാനദണ്ഡപ്രകാരം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ കോതപുരം എസ്.എൻ. സ്കൂളിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി .കൊവിഡ് പോസിറ്റീവായ രണ്ട് പേരെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് പി.എച്ച്.സിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവർത്തനത്തിൽ മുൻഗണന നൽകിയത് 60 വയസിന് മുകളിൽ പ്രായമുള്ളതും ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവർക്കും അംഗവൈകല്യമുള്ളവർക്കുമാണ്. പത്തോളം പേരെ ഫയർഫോഴ്സിന്റെ റെസ്ക്യൂ വള്ളങ്ങളിൽ രക്ഷപ്പെടുത്തി. പ്രദേശത്തുനിന്ന് 33 പേരെ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറ്റി.

ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ സംവിധാനങ്ങളുമെത്തിച്ചുള്ള മോക്ഡ്രില്ലാണ്

പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്നത്. കളക്ട്രേറ്റിലെ കൺട്രോൾ റൂമിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർഫോഴ്സിന് പിന്നാലെ പൊലീസ്,ആരോഗ്യ വിഭാഗം, റവന്യൂ, പഞ്ചായത്ത്, ഭക്ഷ്യ പൊതുവിതരണം തുടങ്ങിയ വകുപ്പുകൾ ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി മോട്ടോർ വാഹന വകുപ്പ് പ്രദേശത്തുനിന്ന് അഞ്ചുവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. രക്ഷാപ്രവർത്തനം നടക്കുന്നത് മൂലം പ്രദേശത്ത് ഗതാഗത തടസം അനുഭവപ്പെട്ടു. തുടർന്ന് ഗതാഗത നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സുധീർ , അംബിക കുമാരി , എൽ. സുധ ,ഓമന കുട്ടൻ ,ഷീലാ കുമാരി കൂടാതെപോലീസ്, ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, റവന്യൂ, ഭക്ഷ്യ വകുപ്പ് എന്നിവിടങ്ങളിലെ നൂറോളം ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.