
കൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ സാക്ഷിവിസ്താരം കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ പൂർത്തിയായി. പ്രോസിക്യൂഷൻ തെളിവുകളുടെ അടിസ്ഥാനത്തിൽ 25ന് പ്രതിയിൽ നിന്ന് വിശദീകരണം തേടും.
ബി.എ.എം.എസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ ഭർത്താവ് കിരൺകുമാർ നിരന്തരം പീഡിപ്പിച്ചതിനെത്തുടർന്ന് 2021 ജൂൺ 21 ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തെന്നാണ് കേസ്. മോട്ടോർവാഹനവകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺകുമാർ
2020 മേയ് 30നാണ് വിസ്മയയെ വിവാഹം കഴിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തുക, സ്ത്രീധനം ആവശ്യപ്പെടുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ പിതാവ് സദാശിവൻപിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം. നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് എതിർവിസ്താരം നടത്തി. കിരൺകുമാറിന്റെ ഫോൺ സംഭാഷണങ്ങളും കേസിൽ തെളിവായിട്ടുണ്ട്.