പത്തനാപുരം: കഠിനമായ വേനൽ ചൂടിന് ആശ്വാസമായി മഴയെത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് ശക്തമായ മഴ പെയ്തത്. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. കകാറ്റിൽ മരങ്ങൾ കടപുഴകി വീടിന് ഉൾപ്പെടെ നാശം സംഭവിച്ചു. പൂങ്കുളഞ്ഞി തേവലക്കര 66-ാം നമ്പർ അങ്കണവാടിയുടെ മേൽക്കൂര കാറ്റിൽ നിലംപതിച്ചു. തേവലക്കര പടിഞ്ഞാറ്റേതിൽ നജീബിന്റെ വീടിന് മുകളിലേക്ക് സമീപത്തുനിന്ന് മരം കടപുഴകി വീണ് വീട് ഭാഗികമായി നശിച്ചു. വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളും നശിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി 37 ഡിഗ്രിയിൽ അധികം ചൂടാണ് പത്തനാപുരം ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ ഉണ്ടായത്. നിരവധി ആളുകൾക്ക് സൂര്യതാപത്തിൽ പൊള്ളലേറ്റിരുന്നു.