കുന്നിക്കോട് : കോലിഞ്ചിമല പാറക്വാറിയിൽ പാറ ഖനനം ചെയ്യാൻ വിളക്കുടി ഗ്രാമപഞ്ചായത്ത് നൽകിയ ലൈസൻസ് റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് മുൻ ഇടതുപക്ഷ ഭരണ സമിതി നൽകിയ ഖനനാനുമതി റദ്ദുചെയ്യാൻ നിർദേശിച്ചത്.

കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചതോടെ ക്വാറി വിഷയം അജൻഡവെച്ച് അടുത്ത് ചേരുന്ന ഗ്രാമപഞ്ചായത്ത് സമിതി യോഗത്തിൽ ക്വാറിയുടെ ലൈസൻസ് റദ്ദാക്കാനാണ് പദ്ധതി. മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, കോൺഗ്രസ് ഗ്രാമ പഞ്ചായത്തംഗങ്ങൾ, നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അതേ സമയം, കോലിഞ്ചിമല ക്വാറിയിലെ തൊഴിൽ വിലക്ക് കരാറിനെ തള്ളി സി.പി.എം ഏരിയ കമ്മിറ്റി യോഗം . ജില്ലാ സെക്രട്ടറിയുടെ നേതൃത്വതിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും കരാറിന് പിന്നിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റിംഗം കെ.രാജഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു, ഏരിയ സെക്രട്ടറി മുഹമ്മദ് അസ്‌ലം എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് വിലയിരുത്തിയതിന് ശേഷമായിരുന്നു ഏരിയ കമ്മിറ്റി യോഗം ചേർന്നത്.

ആരോപണ വിധേയനായ അംഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ പങ്കെടുത്ത മിക്ക അംഗങ്ങളും പറഞ്ഞത്. എന്നാൽ മറു ഭാഗമുള്ളവർ, ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നും കടുത്ത നടപടികളിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും ഈ മാസം 21 ന് ചേരുന്ന യോഗത്തിൽ നടപടിയെക്കുറിച്ച് തീരുമാനിക്കാമെന്നും പറഞ്ഞു.