കൊല്ലം: മദ്ധ്യ ഭാഗത്തുള്ള സ്പാനിന്റെ ഡിസൈൻ തയ്യാറാക്കി നൽകാമെന്ന വാഗ്ദാനം കിഫ്ബി പാലിക്കാത്തതിനാൽ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം പെരുവഴിയിലായി. സ്പാൻ രൂപകല്പനയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുള്ള തർക്കം തീർന്നത് കിഫ്ബിയുടെ ഈ ഉറപ്പിലായിരുന്നു.
ജനുവരി പകുതിയോടെ ധാരണ ഉണ്ടായെങ്കിലും മാർച്ച് പകുതിയായിട്ടും ഡിസൈൻ നൽകിയില്ല. ബോർഡ് ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം പുതിയ ഡിസൈൻ തയ്യാറാക്കി നൽകാമെന്ന് അറിയിച്ചത്. പാലം നിർമ്മാണത്തിന് കരാർ നൽകിയ ശേഷം മദ്ധ്യഭാഗത്തുളള ഡിസൈനിൽ വരുത്തിയ മാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. കമ്പനി പുതിയ ഡിസൈൻ തയ്യാറാക്കി നൽകിയെങ്കിലും ബോർഡ് ഉദ്യോഗസ്ഥർ അത് അംഗീകരിച്ചില്ല. തർക്കം നീണ്ടതോടെ നിർമ്മാണ ജോലികൾ മന്ദഗതിയിലായി.
18.50 കോടിയുടെ നിർമ്മാണ പ്രവൃത്തികൾ നടന്നെങ്കിലും കമ്പനിക്ക് പണം നൽകാതിരുന്നത് മെല്ലെപ്പോക്ക് രൂക്ഷമാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്ത ജില്ലാ ഇൻഫ്രാസ്ട്രക്ചറൽ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ വിഷയം ചർച്ചയായി. ഇതുവരെ ചെയ്ത പ്രവൃത്തികളുടെ പണം നൽകാൻ യോഗത്തിൽ തീരുമാനമായെങ്കിലും 9 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് കരാർ കമ്പനി പറയുന്നു.
# തുടക്കം കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആകെയുള്ള 80 പൈലുകളും പൂർത്തിയായി. എട്ട് പൈൽ ക്യാപ്പുകളും രണ്ട് പിയർ ക്യാപ്പുകളും നിർമ്മിച്ചു. ഇതിനൊപ്പം ബീമുകളുടെ കോൺക്രീറ്റിംഗിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് സ്പാനിന്റെ വിഷയത്തിൽ തർക്കം തുടങ്ങിയത്.
............................
# ആകെ 11 സ്പാനുകൾ
മദ്ധ്യഭാഗത്ത് 70 മീറ്റർ നീളമുള്ള സ്പാനിന്റെ ഡിസൈനിൽ തർക്കം
ആദ്യ ഡിസൈൻ മാറ്റി ഉയരവും ഭംഗിയും കൂട്ടി പുതിയ ഡിസൈൻ നൽകി
പുതിയ ഡിസൈനിൽ ജോലി ചെയ്യാൻ കരാർ കമ്പനി തയ്യാറായില്ല
കമ്പനി തയ്യാറാക്കി നൽകിയ ഡിസൈനും സ്വീകരിച്ചില്ല.
മറ്റു സ്പാനുകളുടെ ഡിസൈനും വൈകി
രണ്ടു മാസമായി ജോലികൾ മന്ദഗതിയിൽ