കൊല്ലം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) 31ാമത് സംസ്ഥാന സമ്മേളനം നാളെ മുതൽ കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പതാക, കൊടിമര, ദീപശിഖാ ജാഥകൾ ഇന്ന് നടക്കും. പതാക ജാഥ ശാസ്താംകോട്ടയിൽ നിന്നും കൊടിമര ജാഥ കുണ്ടറയിൽ നിന്നും ദീപശിഖാ ജാഥ മയ്യനാട്ട് നിന്നും ആരംഭിക്കും. വൈകിട്ട് ചിന്നക്കടയിൽ സംഗമിക്കുന്ന ജാഥകൾ കൊല്ലം ക്യൂ.എ.സി. മൈതാനിയിൽ സമാപിക്കും. സ്വാഗത സംഘം ചെയർമാൻ എസ്. സുദേവൻ പതാക ഉയർത്തും. തുടർന്ന് ചിറക്കര സലീംകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം.
നാളെ രാവിലെ 10ന് മുഖ്യമന്ത്റി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാലൻ അദ്ധ്യക്ഷനാകും. സ്വാഗത സംഘം ചെയർമാൻ എസ്. സുദേവൻ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, എഫ്.എസ്.സി.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്ത് കുമാർ എന്നിവർ പങ്കെടുക്കും. 12.15ന് പ്രതിനിധി സമ്മേളനം, വൈകിട്ട് 5ന് ക്യൂ.എ.സി മൈതാനത്ത് പൊതുസമ്മേളനം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇ ചെയർമാൻ സി.കെ. വരദരാജൻ പങ്കെടുക്കും.
20ന് രാവിലെ 9.30 ന് മന്ത്റി കെ.എൻ.ബാലഗോപാൽ പ്രഭാഷണം നടത്തും. 11ന് വിദ്യാഭ്യാസ സമ്മേളനവും അദ്ധ്യാപകലോകം അവാർഡ് വിതരണവും മന്ത്റി വി. ശിവൻകുട്ടി നിർവഹിക്കും.കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാഘവൻ അദ്ധ്യക്ഷനാകും.
വാർത്താസമ്മേളത്തിൽ സ്വാഗതസംഘം ചെയർമാൻ എസ്. സുദേവൻ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാലൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ടി. ശിവരാജൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജി.കെ. ഹരികുമാർ, ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.