കരുനാഗപ്പള്ളി : പൈപ്പ് ലൈൻ വഴി പ്രകൃതി - പാചക വാതകം വീടുകളിൽ എത്തിക്കുന്നതിനുള്ള പദ്ധതിക്ക് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമാകുന്നു. ഏപ്രിൽ 1 മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊല്ലം ജില്ലയിൽ പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത് കരുനാഗപ്പള്ളി നഗരസഭയെയാണ്. പെട്രോളിയം പ്രകൃതിവാതക റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള എ .ജി ആൻഡ് പി പ്രഥമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഗെയിലിന്റെ അംഗീകാരത്തോടെ

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 31 ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യാ ലിമിറ്റഡിന്റെ (ഗെയിൽ) അംഗീകാരത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. നഗരസഭയുടെ പരിധിയിൽ വരുന്ന 5,6, 7, 8, 27, 28, 32 എന്നീ ഏഴു വാർഡുകളിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുക. രണ്ട് വർഷത്തിനുള്ളിൽ നഗരസഭയുടെ 35 ഡിവിഷനുകളിലും പദ്ധതി പൂർണമായും നടപ്പാക്കും. ഡിവിഷനുകളിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

ബുക്കിംഗ് വേണ്ട , സിലിണ്ടറിനായി കാത്തിരിപ്പും വേണ്ട

ഭാവിയിൽ പദ്ധതിയെ ഗെയിൽ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് ജില്ല മുഴുവനും കണക്ഷൻ നൽകും. കരുനാഗപ്പള്ളിയുടെ തെക്കൻ മേഖലയിൽ സ്ഥാപിക്കുന്ന ഡി കംപ്രഷൻ യൂണിറ്റിൽ നിന്നാകും പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പാചക വാതകം എത്തിക്കുന്നത്. എൽ.പി.ജി യെ അപേക്ഷിച്ച് 25 മുതൽ 30 ശതമാനം വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഗ്യാസ് തീരുമ്പോൾ പുതിയ ബുക്കിംഗ് നടത്തുകയോ സിലിണ്ടറിനായി കാത്തിരിക്കുകയോ വേണ്ട. വീടുകളിൽ ഘടിപ്പിക്കുന്ന പ്രത്യേക മീറ്ററുകളിലെ റീഡിംഗ് അനുസരിച്ച് പണമടച്ചാൽ ഗ്യാസ് ലഭിക്കും.

ആദ്യഘട്ടം ഏപ്രിലിൽ

പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനായി ചവറ കെ.എം.എം.എല്ലിന് സമീപം ലിക്വിഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. കൊച്ചിയിൽ നിന്നെത്തിക്കുന്ന ലിക്വിഡ് 600 ഇരട്ടി ഗ്യാസാക്കി മാറ്റാനുള്ള സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തുന്നത്. പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതോടെ കരുനാഗപ്പള്ളി നഗരസഭയിലും പന്മന, ചവറ ഗ്രാമപഞ്ചായത്തുകളിലും പാചക വാതകം ലഭ്യമാകും. ഏപ്രിലിൽ നിർമ്മാണം തുടങ്ങുന്ന ആദ്യഘട്ട പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. വൈസ് ചെയർപേഴ്‌സൻ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി .മീന, എൽ .ശ്രീലത, എസ് .ഇന്ദുലേഖ എന്നിവർ പങ്കെടുത്തു.