കുന്നത്തൂർ : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ വിവിധ കനാലുകളിൽ വെള്ളം എത്താത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കരുനാഗപ്പള്ളി കെ.ഐ.പി അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. വേനൽ ശക്തമായതോടെ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. മിക്ക ഏലാകളിലും കര പുരയിടങ്ങളിലും കൃഷി കരിഞ്ഞുണങ്ങി. ഇതിന് പരിഹാരമായി കനാലുകൾ വഴി വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപരോധ സമരവുമായി പഞ്ചായത്ത് അംഗങ്ങൾ തന്നെ രംഗത്തെത്തിയത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, അംഗങ്ങളായ ഗംഗാദേവി, ദിലീപ്, ശ്രീലക്ഷ്മി, നേതാക്കളായചിറ്റുമൂല നാസർ, അബ്ദുൽഖലീൽ എന്നിവർ പങ്കെടുത്തു. കനാലുകളിൽ വെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആനയടി, നെടിയപാടം വടക്ക്, ശാസ്താംകുളം എന്നീ ഡിസ്ട്രിബ്യൂട്ടറി ഷട്ടറുകൾ വഴി ജലവിതരണം ആരംഭിക്കും. ആനയടി കനാലിന്റെ ഷട്ടർ ഇന്നലെ തന്നെ തുറക്കുകയും വൈകിട്ടോടെ വെള്ളമെത്തുകയും ചെയ്തു. നെടിയപാടം വടക്ക്, ശാസ്താംകുളം കനാലുകൾ വൈകിട്ടോടെയും തുറന്നു. ഇന്ന് മുതൽ ജലവിതരണം നടത്താനാകുമെന്നും പഞ്ചായത്തിന്റെ അപേക്ഷയും ഉപരോധത്തെയും തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്നും കെ.ഐ.പി അധികൃതർ അറിയിച്ചു.