
കൊല്ലം: കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ടോറസ് ലോറിയും ടിപ്പർ ലോറിയും കൂട്ടിയിച്ച് രണ്ടുപേർ മരിച്ചു. ടിപ്പർ ലോറി ഡ്രൈവറായ മൈലക്കാട് കാവുവിള വീട്ടിൽ സുനിൽ കുമാർ (46), ഇതേ ലോറിയിലെ കയറ്റിറക്ക് തൊഴിലാളിയായ അസാം സ്വദേശി സുന്ദർ നാറാഡി (35) എന്നിവരാണ് മരിച്ചത്.ഇരു ലോറികളിലെയും തൊഴിലാളികളായ ആറുപേർക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ നാലരയോടെയായിരുന്നു അപകടം. കല്ലുന്താഴം ജംഗ്ഷന് സമീപത്തെ വേ ബ്രിഡ്ജിൽ നിന്ന് തേങ്ങയുമായി വന്ന പിക്കപ്പി ൽ തട്ടാതിരിക്കാൻ ,കാവനാട് ഭാഗത്തുനിന്ന് വന്ന ടോറസ് ലോറി വെട്ടിത്തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
ടോറസ് ലോറി റോഡിന്റെ മറുവശത്ത് എതിർദിശയിൽ കൊട്ടിയത്തുനിന്ന് ഇഷ്ടിക കയറ്റിവന്ന ടിപ്പർ ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഒന്നര മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. കൂട്ടിയിടിയിൽ രണ്ട് ലോറികളുടെയും മുൻഭാഗം തകർന്നു. കാബിനുള്ളിൽ കുടുങ്ങിയവരെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.സുനിൽകുമാറിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം ശ്രീകലയാണ് ഭാര്യ. വചസ്, തേജസ് എന്നിവർ മക്കളാണ്. സുന്ദർ നാറാഡിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.