കൊല്ലം: ആയൂരിൽ ലോഡുമായി പിന്നോട്ടുരുണ്ട പിക്കപ്പ് വാനിടിച്ച് വൃദ്ധ മരിച്ചു. തേവന്നൂർ പ്ളാവിള പുത്തൻവീട്ടിൽ ചെല്ലമ്മയാണ് (78) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആയൂർ വയണാംമൂലയിലെ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡ് കയറ്റിവന്നതാണ് പിക്കപ്പ് വാൻ. വയണാമൂല കൊച്ചുകുന്നിൻപുറം കയറ്റത്തിൽവച്ച് വാഹനം പിന്നോട്ട് ഉരുളുകയും നടന്നുവരികയായിരുന്ന ചെല്ലമ്മയെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ചെല്ലമ്മ മരിച്ചു. വാളകം എയ്ഡ് പോസ്റ്റിൽ നിന്ന് പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.