
ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന 'ലോക വനിതാ' ദിനത്തോട് അനുബഡിച്ച് ലോകമെമ്പാടും വനിതകളെ ആചരിക്കുന്ന നിരവധി പരിപാടികളാണ് നടന്നുവരുന്നത്. വനിതകൾക്ക് വേണ്ടി അത്തരത്തിലൊരു മഹത്തായ ആദരവ് ഈ വർഷം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഉണ്ടായി. മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ തയ്യാറാക്കിയ 'മുന്നേറി നാം' എന്ന ഗാനമായിരുന്നു അത്. കൊല്ലം തലവൂർ സ്വദേശി വി.എസ്.ശ്യാം രചിച്ച ഗാനത്തിന് ശബ്ദം നൽകിയത് നിഷി രാജാസാഹിബാണ്.
കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയാണ് നിഷി. ബാല്യകാലം മുതൽ തുടങ്ങിയ സംഗീതവുമായുള്ള ബന്ധം ഇന്ന് കടലുകൾ കടന്ന് അന്താരാഷ്ട്ര തലത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്.
സംഗീതം ബാല്യകാലം മുതൽ
നിഷി ചെറുപ്പത്തിൽ കർണ്ണാടക സംഗീതത്തിൽ എസ്.ആർ.ത്യാഗരാജൻ എന്ന അദ്ധ്യാപകന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചിരുന്നു. പിന്നീട് പാൽകുളങ്ങര അംബികാദേവി ടീച്ചർക്കൊപ്പം സംഗീത പഠനം തുടർന്നു.
നെല്ലിപ്പള്ളി സർക്കാർ എൽ.പി.എസിലും പുനലൂർ ബോയ്സ് എച്ച്.എസിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്ന് ജില്ലാ-സംസ്ഥാന യുവജനോത്സവങ്ങൾ ഉൾപ്പെടെ നിരവധി വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു നിഷി. പങ്കെടുത്ത മിക്ക മൽസരങ്ങളിലും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ശേഷം കോളേജ് വിദ്യാഭ്യാസ കാലത്ത് സർവകലാശാലാ മത്സരങ്ങയിലും നിരവധി വേദികളിൽ തിളങ്ങിയിരുന്നു. നിലവിൽ ഹിന്ദുസ്ഥാനി സംഗീതവും, സിതാർ വാദനവും നിഷി അഭ്യസിക്കുന്നുണ്ട്. അനിൽ കിളിമാനൂർ സംഗീത സംവിധാനം ചെയ്ത 'രാഗതീർത്ഥം' എന്ന ആൽബത്തിനു പുറമേ ധാരാളം കവർസോംഗ്സും നിഷി പാടിയിട്ടുണ്ട്. കൂടാതെ കേരള സർവകലാശാലയുടെ മ്യൂസിക് ലവേഴ്സ് ഫോറം വേദികളിലെ നിറസാന്നിദ്ധ്യവുമാണ് നിഷി രാജാസാഹിബ്.
വനിതകൾക്ക് നൽകിയ ആദരവ്
ലിംഗപരമായ മുൻവിധികൾ ഇല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നതിനോടൊപ്പം, കുടുംബത്തിലും രാഷ്ട്രീയ-സമൂഹിക-സാമ്പത്തിക സ്ഥാനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യവും നേതൃത്വവും പ്രോൽസാഹിപ്പിക്കുക എന്നതാണ് വനിതാ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കാരണത്താലാണ് സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളെ വനിതാ ദിനത്തിൽ ആദരിക്കുന്നത്.
മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനചരണ വേളയിൽ ഈ ആശയങ്ങൾ ഉൾക്കൊണ്ടിട്ടാണ് മലയാളത്തിൽ ബിജിബാൽ 'മുന്നേറി നാം' എന്ന ഗാനം അവതരിപ്പിച്ചത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള സ്ത്രീജീവിതങ്ങളെ പരിചയപ്പെടുത്തി അവരുടെ കഴിവും കരുത്തും വിളിച്ച് പറയുന്നതിന്, ഏറ്റവും അനുയോജ്യമായ ആഴത്തിലുള്ള നിഷിയുടെ ശബ്ദത്തിന് സാധ്യമായി. ഇതിനോടകം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഈ ഗാനം, ആറ് ഇന്ത്യൻ ഭാഷകളിലും പത്തോളം വിദേശ ഭാഷകളിലുമായി മൊഴിമാറ്റം ചെയ്ത് ഉടൻ പുറത്തിറക്കാനാണ് പദ്ധതി.
തികഞ്ഞ പ്രകൃതിസ്നേഹി
സംഗീതത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും നിഷി രാജാസാഹിബ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിലവിൽ കേരള സർവകലാശാലയിലെ ഫിനാൻസ് വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറാണ് നിഷി. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് പത്രപ്രവർത്തനത്തിൽ റാങ്കോടെ ഡിപ്ലോമ കരസ്ഥമാക്കിയ നിഷി നല്ലൊരു ഫോട്ടോഗ്രാഫറും സഞ്ചാരിയും കൂടിയാണ്. പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള നിഷി തന്റെ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ക്രിയേറ്റീവ് ലൈറ്റ് ഫോട്ടോഗ്രഫി മാസിക ഉൾപ്പെടെയുള്ളവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേച്ചർ-വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും താൽപ്പര്യമുള്ള നിഷിയുടെ നിരവധി ചിത്രങ്ങൾക്ക് പ്രശംസകളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
പുനലൂരിന്റെ മകൾ; സ്വിറ്റ്സർലാൻഡിന്റെ മരുമകൾ
പുനലൂർ നെല്ലിപ്പള്ളി നിഷി മൻസിലിൽ പരേതരായ അധ്യാപക ദമ്പതികളായ എ.കെ.രാജാസാഹിബിന്റെയും ബൽക്കിസ് ബീവിയുടെയും മകളായിട്ടാണ് നിഷി ജനിച്ചത്. പ്രകൃതിയെ അറിയാനുള്ള തന്റെ യാത്രക്കിടയിലാണ് സ്വിറ്റ്സർലാൻഡ് സ്വദേശിയായ ഹുക്ക് കൊഹ് ലിയെ നിഷി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് ഹുക്കിനെ നിഷിയുടെ ജീവിത പങ്കാളിയാക്കി.
ഹുക്ക് സ്വിറ്റ്സർലാൻഡിലെ 'വാച്ചുകളുടെ നഗരം' എന്നറിയപ്പെടുന്ന ബീലിൽ 'വെലോകൊറിയർ' എന്ന നാമധേയത്തിലൊരു സൈക്കിൾ കൊറിയർ സ്ഥാപനം നടത്തുകയാണ്. ഹുക്ക് ഒരു പ്രകൃതി സ്നേഹി കൂടിയായതിനാൽ 'പ്രകൃതിമലിനീകരണം ഇല്ലാത്ത ചരക്ക് ഗതാഗതം' എന്ന ആശയം ഉൾക്കൊണ്ടായിരുന്നു ഇത്തരത്തിലൊരു സ്ഥാപനം ആരംഭിച്ചത്. പ്രകൃതി സംരക്ഷണം, പക്ഷി നിരീക്ഷണം എന്നതിന് പുറമേ നിഷിയുടെ സർഗാത്മക പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും ഹുക്ക് പൂർണ പിന്തുണ നൽകുന്നുമുണ്ട്.