
കൊല്ലം: നഗര റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ മൂന്ന് റോഡുകൾ ആധുനിക നിലവാരത്തിൽ വികസിപ്പിക്കാൻ 20.61 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. കളക്ടർക്കാണ് ചുമതല.
പഴയ ദേശീയപാത 47 ലെ മേവറം- കാവനാട്, റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്, തിരുമുല്ലാവാരം- കല്ലുപാലം എന്നീ റോഡുകളാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്. മേവറം- കാവനാട് റോഡിന്റെ വികസനത്തിന് മയ്യനാട്, വടക്കേവിള, ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര വില്ലേജുകളുടെ പരിധിയിൽ വരുന്ന റോഡ് വക്കിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. റെയിൽവേ സ്റ്റേഷൻ - ഡീസന്റ് ജംഗ്ഷൻ റോഡ് വികസനത്തിന് കൊല്ലം ഈസ്റ്റ്, വടക്കേവിള, കിളികൊല്ലൂർ, തൃക്കോവിൽവട്ടം വില്ലേജുകളിലെയും തിരുമുല്ലാവാരം- കച്ചേരി റോഡ് വീതി കൂട്ടാൻ കൊല്ലം വെസ്റ്റ് വില്ലേജിലുമാണ് ഭൂമി ഏറ്റെടുക്കൽ.
.............................................................
മേവറം- കാവനാട് റോഡ് (13.15 കിലോമീറ്റർ): 11.5 മുതൽ 20.2 മീറ്റർ വരെ വീതി
സ്ഥലമേറ്റെടുക്കലിന് പ്രയാസമുള്ള സ്ഥലങ്ങളിലൊഴികെ റോഡ് 4 വരി
റെയിൽവേ സ്റ്റേഷൻ- ഡീസന്റ് ജംഗ്ഷൻ റോഡ് (6.3 കിലോമീറ്റർ): 11.5 മുതൽ 22 മീറ്റർ വരെ വീതി
തിരുമുല്ലാവാരം- കല്ലുപാലം- കച്ചേരി ജംഗ്ഷൻ റോഡ് (4.31 കിലോമീറ്റർ): 11.5 മീറ്റർ വീതി
..............................................
₹ 365.34 കോടി: റോഡ് വികസനത്തിന് അനുവദിച്ചത്
₹ 150 കോടി: സ്ഥലമേറ്റെടുക്കലിന്
.........................................................
നടപ്പാതയും മീഡിയനും
മുഖ്യമന്ത്രിയുടെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല. നിർമ്മാണത്തിന് പുറമേ 15 വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തിയാകും കരാർ. ഈ പദ്ധതി പ്രകാരം നവീകരിക്കുന്ന റോഡുകളുടെ ഇരുവശങ്ങളിലും നടപ്പാത, തെരുവ് വിളക്ക്, മീഡിയൻ, ഹാൻഡ്റെയിൽ, ഓട, ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടാകും. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ, റൗണ്ട് എബൗട്ട് തുടങ്ങിയ ക്രമീകരണങ്ങളുമുണ്ട്.