പുനലൂർ: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂർ കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നു. അതിനായി 5 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. കഴിഞ്ഞ ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് പുനലൂരിൽ വിദ്യാഭ്യാസ സമുച്ചയം പണിയാൻ 5കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഹെഡ് ഒഫ് അക്കൗണ്ടിൽ ആശ്യമായ തുക ഇല്ലാതിരുന്നത് കാരണം നിർമ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
എം.എൽ.എ ഇടപെട്ടു, പരിഹാരമായി
സമുച്ചയ നിർമ്മാണത്തിന്റെ നടപടികൾ നീണ്ട് പോയത് കണക്കിലെടുത്ത് പി.എസ്.സുപാൽ എം.എൽ.എ ധന,പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്ക് പുറമെ, പൊതുവിദ്യാഭ്യാസ വകുപ്പിനെയും വിവരം ധരിപ്പിച്ചു. പിന്നീട് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത യോഗം പുനലൂരിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പുനലൂരിലെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ഓഫീസുകൾ ഒരു കെട്ടിടത്തിൽ കൊണ്ടു വരുന്നതിന് വേണ്ടി വിദ്യാഭ്യാസ സമുച്ചയം പണിയുന്നതിന്റെ ആവശ്യകത എം.എൽ.എ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി. തുടർന്നാണ് പുതിയ ഭരണാനുമതി സർക്കാർ ഇറക്കിയത്.
ദുരിതങ്ങൾക്ക് അറുതിയാകും
നിലവിൽ പുനലൂർ ടി.ബി ജംഗ്ഷൻ, നെല്ലിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പുനലൂരിലെ വിദ്യാഭ്യാസ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഇത്കാരണം അദ്ധ്യാപകരും പ്രഥമാദ്ധ്യാപകരും ഏറെ ബുദ്ധിമുട്ടിയിരുന്നു.പുതിയ സമുച്ചയ നിർമ്മാണം പൂർത്തിയാകുന്നതോടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും അദ്ധ്യാപകരും.