court

കൊല്ലം: പൊലീസ് അതിക്രമത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലം ബാറിലെ അഭിഭാഷകൻ നൽകിയ ഹർജി തള്ളി. കിഴക്കേകല്ലട, തെക്കേമുറി മുനമ്പത്ത് വീട്ടിൽ പി.ജോസ് കിഴക്കേ കല്ലട സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനും എതിരെ നൽകിയ ഹർജിയാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി റോയി വർഗീസ് തള്ളിയത്.
കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനായ ജോസിനെതിരെ സ്ത്രീക്ക് മാനഹാനി ഉണ്ടാക്കിയതിനും ദേഹോപദ്രവമേൽപ്പിച്ചതിനും കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് അന്വേഷണത്തിനായി അഭിഭാഷകന്റെ വിട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയും സഹോദരൻ രാജേഷും സഹോദര ഭാര്യയായ ശാലിനിയും ചേർന്ന് ആക്രമിച്ചുവെന്ന പേരിൽ പൊലീസ് പ്രത്യേകം കേസെടുത്തിരുന്നു. സംഭവത്തിൽ എസ്.ഐ മനോജിന് പരിക്കേറ്റിരുന്നു. ഈ കേസിൽ നിന്ന് വിടുതൽ തേടി ജോസ് ഫയൽ ചെയ്ത ഹർജി പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് തള്ളി. ഇതിന് പിന്നാലെ തന്റെ കാറിനും വീട്ടുപകരണങ്ങൾക്കും കേടുപാട് വരുത്തിയെന്നും വിലപ്പെട്ട രേഖകൾ നശിപ്പിച്ചെന്നും ആരോപിച്ച് കിഴക്കേക്കല്ലട പൊലീസിനെതിരെ നൽകിയ സ്വകാര്യ അന്യായം 2019 ജനുവരിയിൽ തള്ളി. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇന്നലെ ജില്ലാ കോടതി തള്ളിയത്.

സംസ്ഥാന സർക്കാരിനും ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വേണ്ടി ഗവ. പ്ലീഡർമാരായ വി. വിനോദ്, എ. നിയാസ് എന്നിവരും കിഴക്കേ കല്ലട പൊലീസിന് വേണ്ടി അഭിഭാഷകരായ ആർ. ഗീത, എസ്. അനിൽകുമാർ എന്നിവരും ഹാജരായി.