 മോഹൻലാൽ മുഖ്യാതിഥിയാകും

കൊല്ലം: ഉപാസന ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ 24ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആർ.പി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും.

കൊല്ലം ടൗൺഹാളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ മുഖ്യാതിഥിയാകും. ഉപാസനയുടെ പുതിയ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്യും. ഉപാസനയുടെ നവീകരിച്ച സ്പെഷ്യാലിറ്റി വിഭാഗങ്ങളായ പോസ്റ്റ്‌ കൊവിഡ് കെയർ സെന്റർ, കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനപ്പെടുന്ന മൈൻഡ് ആൻഡ് ബീഹേവിയർ ക്ലിനിക്ക്, നൂതന സംവിധാനങ്ങളോടു കൂടിയ മാതൃ ശിശു പരിപാലനത്തിൽ നൂതന സംവിധാനം എന്നിവ എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, പി.സി. വിഷ്ണുനാഥ് എന്നിവരും നവീകരിച്ച ഇ.എൻ.ടി വിഭാഗം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും.

ആതുരസേവന രംഗത്ത് 50 വർഷത്തിൽ അധികമായി വിശിഷ്ട സേവനം കാഴ്ചവക്കുന്ന കൊല്ലത്തെ പ്രമുഖ ഡോക്ടർമാർക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മാനിക്കും. കോർപ്പറേഷൻ കൗൺസിലർമാർക്ക് സൗജന്യമായി ഉപാസന പ്ലാറ്റിനം കാർഡിന്റെ വിതരണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. നവീകരിച്ച കാർഡിയോളജി വിഭാഗവും മേയർ ഉദ്ഘാടനം ചെയ്യും. ഉപാസനയിൽ ജനിച്ച് ഇവിടെ തന്നെ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ. അഹല്യ രവീന്ദ്രനെ മുല്ലക്കര രത്‌നകാരൻ അനുമോദിക്കും.

ആർ.പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. ബി. രവി പിള്ള, ആർ.പി ഹെൽത്ത്‌ കെയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. വി.വി. മനോജ്‌ കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സജീഷ് തുടങ്ങിയവർ പങ്കെടുക്കും.

ഡോക്ടർമാരായ എൻ. പങ്കജാക്ഷൻ, എസ്.ആർ. സജീഷ്, വി.വി. മനോജ് കുമാർ, ആർ.പി ഗ്രൂപ്പ് പ്രതിനിധി ആഷിഷ് നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.