photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ അപകടക്കെണിയായ പത്തടി കിടങ്ങിൽ ഭാഗം

20.80 കോടി രൂപയുടെ പദ്ധതി

കൊട്ടാരക്കര: കോടികളുടെ പദ്ധതി പാതിവഴിയിലായി. കൊട്ടാരക്കര- പുത്തൂർ റോഡിൽ ദുരിതം തീരുന്നില്ല. അപകടക്കെണിയായി പണയിൽ ഭാഗം. കോട്ടാത്തല പണയിൽ ജംഗ്ഷനും പത്തടി കലുങ്കിനും ഇടയിലുള്ള ഭാഗമാണ് തീർത്തും അപകടക്കെണിയായി മാറിയത്. റോഡും തോടുമായി ചേരുന്ന ഭാഗമാണിത്. തോട്ടിൽ നീരൊഴുക്ക് ഇല്ലെങ്കിലും താഴ്ചയുണ്ട്. ഇവിടെ ഒരു വർഷത്തിനുള്ളിൽ പത്തിലധികം വാഹനങ്ങൾ മറിഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ വശങ്ങൾ വൃത്തിയാക്കുകയും തോട് തെളിയ്ക്കുകയും ചെയ്തപ്പോഴാണ് കൂടുതൽ അപകടാവസ്ഥ വ്യക്തമായത്. എപ്പോഴും തിരക്കേറിയ റോഡിൽ ഡ്രൈവർമാരുടെ കണ്ണൊന്ന് ചിമ്മിയാൽ തോട്ടിലേക്ക് മറിയും. പണയിൽ ക്ഷേത്രത്തിന് മുന്നിലെ ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് തോട്ടിലേക്ക് തള്ളിയിട്ടുമുണ്ട്. വരുന്ന മഴക്കാലത്തിന് മുൻപായി അടിയന്തര അറ്റകുറ്രപ്പണികൾ നടത്തിയില്ലെങ്കിൽ റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകും.

പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി

റീടാറിംഗ് നടത്തിയ കൊട്ടാരക്കര - പുത്തൂർ റോഡിന്റെ മിക്കയിടങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മുസ്ളീം സ്ട്രീറ്റ്, അവണൂർ ഭാഗങ്ങളിൽ കൂടുതൽ തകർന്നു. ഇവിടെ അപകടങ്ങളും ഏറി. വർഷങ്ങളോളം തീർത്തും തകർച്ചയിലായിരുന്ന റോഡിന് മൂന്നുവർഷം മുൻപ് ശാപമോക്ഷം ലഭിച്ചുവെന്ന ആശ്വാസത്തിലായിരുന്നു യാത്രക്കാർ. എന്നാൽ യാതൊരു ഗുണവുമുണ്ടായില്ല.

മന്ത്രിയുടെ ച‌ർച്ചയും ഫലംകണ്ടില്ല.

കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. തുടക്കംമുതൽ തന്നെ റോഡ് നിർമ്മാണം വിവാദമായിരുന്നു. എക്സി. എൻജിനിയറടക്കം നാല് പ്രധാന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. എന്നിട്ടും റോഡ് നിർമ്മാണക്കാര്യത്തിൽ പരിഹാരമുണ്ടായില്ല. മന്ത്രി കെ.എൻ.ബാലഗോപാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി റോഡിന്റെ വിഷയം ചർച്ച ചെയ്തിരുന്നു. അതും ഫലംകണ്ടില്ല.