chinjurani-

കൊല്ലം: കേസ് പിന്നീട് വിളിക്കുമെന്ന് പറഞ്ഞ് കോടതി വരാന്തയിൽ മണിക്കൂറുകളോളം വാദിയെയും പ്രതിയെയും സാക്ഷികളെയും ജാമ്യക്കാരെയും നിറുത്തുന്നത് അപരിഷ്‌കൃത നടപടിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ് കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന അഭിഭാഷകരെ ആദരിച്ചും മുൻസിഫ് - മജിസ്‌ട്രേട്ട് നിയമനം ലഭിച്ചവരെ അനുമോദിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലം കോടതി സമുച്ചയത്തിനായി മുൻകൈയെടുത്ത മുതിർന്ന അഭിഭാഷകരായ എൻ. അനിരുദ്ധൻ, കെ.ജി. പ്രസന്നരാജൻ,​ കൊല്ലം ബാറിൽ നിന്ന് ഈ വർഷം മുൻസിഫ് - മജിസ്‌ട്രേട്ടായി നിയമനം ലഭിച്ച റൂബി ഇസ്മയിൽ, അശ്വിനി നളിൻ, സാന്ദ്ര മേരി നെറ്റോ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യുവ അഭിഭാഷകർക്ക് നിയമപുസ്തക വിതരണം നടത്തി. പ്രസിഡന്റ് അഡ്വ.കെ. ഗോപീഷ്‌ കുമാർ അദ്ധ്യക്ഷനായി. ജില്ലാ സർക്കാർ വക്കീൽ ആർ. സേതുനാഥ് സ്വാഗതം പറഞ്ഞു. ബാർ കൗൺസിൽ അംഗം അഡ്വ. ഇ. ഷാനവാസ്ഖാൻ, ഐ.എ.എൽ നേതാക്കളായ പി.ബി. ശിവൻ, എ.കെ. മനോജ്, പ്രമോദ് പ്രസന്നൻ എന്നിവർ സംസാരിച്ചു.