കൊല്ലം: തൊഴിലില്ലായ്മ രൂക്ഷമാകുന്ന കേരളത്തിൽ ഇനി നൈപുണ്യവികസന വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൊല്ലം ടി.കെ.എം ആർട്സ് കോളേജിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് പരിശീലനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. ക്ലേശ രഹിതവും വേഗം വരുമാനം നൽകുന്നതുമായ സംരംഭങ്ങളാണ് അദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുക. കാടപ്പക്ഷികൾ, മുട്ടക്കോഴികൾ, നായ്ക്കൾ, അലങ്കാരപ്പൂച്ചകൾ വിദേശ തത്തകൾ, ഓമന മൃഗങ്ങൾ, പക്ഷികൾ എന്നിവ സ്റ്റാർട്ടപ്പുകളുടെ ഭാഗമാകും. കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മത്സര വിജയികൾക്ക്
ഭക്ഷ്യ കമ്മിഷൻ അംഗം സബിതാ ബീഗം സമ്മാനങ്ങൾ നൽകി. ടി.കെ.എം ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസല്യാർ സാക്ഷ്യപത്രവിതരണം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ചിത്ര ഗോപിനാഥ്, പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, ഡോ.സുമലക്ഷ്മി, ഡോ. ജാസിൻ റഹ്മാൻ, ഷീജ സജീബ് ഡോ.കെ.കെ.തോമസ്, ഡോ.കെ.എസ്.സിന്ധു, കോ - ഓർഡിനേറ്റർ ഡോ.മുംതാസ് എന്നിവർ സംസാരിച്ചു