 
നെടിയവിള : കേരള സർക്കാർ നടപ്പിലാക്കുന്ന 100 ദിന കർമ്മ പദ്ധതിയിൽ പ്രാഥമിക സഹകരണ ബാങ്കുകൾ വഴി നൽകുന്ന വിവിധ തരത്തിലുള്ള വായ്പ മേളയുടെ ഉദ്ഘാടനം തുരുത്തിക്കര സർവീസ് സഹകരണ ബാങ്കിൽ
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ നിർവഹിച്ചു. അംഗപരിമിതർക്കുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പകൾ, പച്ചക്കറി കൃഷിക്കുള്ള പലിശ രഹിത വായ്പകൾ , സംരംഭ വായ്പകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്ക് അംഗ സമാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ സഹായ വിതരണം കേരളാ ഫാർമിംഗ് കോർപറേഷൻ ചെയർമാൻ കെ.ശിവ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. കാൻസർ, വൃക്ക രോഗം , പക്ഷാഘാതം , ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ രോഗം ബാധിച്ച അംഗങ്ങൾക്ക് 3.40 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ബി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷിക്കുള്ള വായ്‌പ്പാ വിതരണം സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ടി.മോഹനൻ നിർവഹിച്ചു. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിക്ഷേപം സ്വീകരിക്കൽ അസി.രജിസ്റ്റർ രാജസിംഹൻ പിള്ള നിർവഹിച്ചു. സഹകരണ സർക്കിൾ യൂണിയൻ അംഗം ജി.പ്രിയദർശിനി ബാങ്ക് ഭരണ സമിതി അംഗങ്ങളായ ടി.എൻ.മാത്യു, ടി. മോഹനൻ, തുളസീധരൻ പിള്ള, ലിഷ, മാധവി കുട്ടി, ഗീത തുടങ്ങിയവർ സംസാരിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് കെ.തമ്പാൻ സ്വാഗതവും സെക്രട്ടറി ബീന വിശ്വം നന്ദിയും പറഞ്ഞു.