t

കൊല്ലം: ജില്ലയിൽത്തന്നെ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കിഴക്കേക്കല്ലട നിവാസികളുടെ പരാതിപറച്ചിലുകൾ കേൾക്കാൻ ആളില്ല. ആഴ്ചയിൽ രണ്ടു ദിവസം പരമാവധി രണ്ടു മണിക്കൂർ നേരം വാട്ടർ അതോറിട്ടിയുടെ പൈപ്പിലൂടെ ലഭിക്കുന്ന വെള്ളമാണ് കല്ലടക്കാരുടെ ആശ്രയം. അതുമല്ലെങ്കിൽ, വാഹനത്തിൽ ടാങ്കുകളിലാക്കി കൊണ്ടുവരുന്ന വെള്ളം ടാങ്കൊന്നിന് 500 രൂപ കൊടുത്തു വാങ്ങണം.

ഉപ്പു വെള്ളവും കിണറ്റിലെ ഓരുവെള്ളവുമാണ് കിഴക്കേക്കല്ലട നിവാസികളുടെ ജീവിതം ദുസഹമാക്കുന്നത്. 15 വാർഡുകളിലും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളമാണ് പ്രധാന തലവേദന. കോയിക്കൽമുറി, പഴയാറ്റുമുറി, മറവൂർ, ഉപ്പൂട്, നിലമേൽ, ടൗൺ, താഴം തുടങ്ങിയ 7 വാർഡുകൾ ഓരുവെള്ളത്തിന്റെ രൂക്ഷതയിലാണ്. കിണറുകൾ പലതും വറ്റി. വെള്ളം താഴ്ന്ന കിണറുകളിൽ ഓരു നിറഞ്ഞു. വെള്ളം പലതവണ അരി​ച്ചാൽ മാത്രമേ ഉപയോഗി​ക്കാനാവൂ.

കല്ലടയാറിനോട് ചേർന്നുള്ള താഴം, കൊടുവിള വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റം മൂലം ഉപ്പുവെള്ളം കയറുന്നതും ജീവിതം ദുരിതപൂർണമാക്കിയിട്ടുണ്ട്. ആറിന്റെ മറുകരയിലുള്ള പടിഞ്ഞാറേ കല്ലടയിൽ നിന്ന് വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് വള്ളത്തിൽ കൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണിപ്പോൾ.

 ഉയർന്ന ഇടങ്ങളിലും പ്രശ്നം

പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ചിറ്റുമല, ഓണംപാരം, തെക്കേമുറി, കൊച്ചുപ്ളാംമൂട്, മുട്ടം, പരിച്ചേരി, തിങ്കാരപ്പള്ളി, കൊടുവിള തുടങ്ങിയ വാർഡുകളിലെ ഒട്ടുമിക്ക കിണറുകളുടെയും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്. ഇവിടെയെല്ലാം കുടിവെളളക്ഷാമം രൂക്ഷമായിട്ടുണ്ട്.

...............................................

വാട്ടർ അതോറിട്ടി കൂടുതൽ ദിവസങ്ങളിൽ പൈപ്പ് ലൈൻ വഴി കുടിവെള്ളം ലഭ്യമാക്കണം. സബ് കനാലുകൾ തുറന്നു വിടാനും നടപടി ഉണ്ടാകണം

സുനിൽ പാട്ടത്തിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ