കരുനാഗപ്പള്ളി: തെക്കുംഭാഗം (ചവറ സൗത്ത് ) ഗവ. എൽ.വി എൽ.പി സ്കൂൾ ഇപ്പോൾ വളർച്ചയുടെ പടവുകളിലാണ്. അടച്ച് പൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്കൂളിന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിശ്രമ രഹിതമായ ശ്രമഫലത്തിലൂടെയാണ് ഉയിർപ്പുണ്ടായത്. നിലവിൽ എൽ.പി വിഭാഗത്തിൽ 412 കുട്ടികളാണുള്ളത്. ഇതിൽ പ്രീ - പ്രൈമറി വിഭാഗത്തിൽ മാത്രമായി 172 കുട്ടികളുണ്ട്. പ്രീ - പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാമാണ് ഇവിടെ നൽകുന്നത്.
ഹൈടെക് സൗകര്യങ്ങൾ
അത്യാധുനിക സൗകര്യങ്ങളുള്ള പഠന മുറികളാണ് സ്കൂളിൽ സജ്ജികരിച്ചിരിക്കുന്നത്. എ.സി ക്ലാസ് മുറികളും പഠനത്തിന്റെ ഭാഗമായി പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട്. ശാസ്തീയ പഠനത്തിനായി തീമാറ്റിക് ബോർഡ്, വെൽകം ബോർഡ്, സിസ് പ്ലൈ ബോർഡ്, ഗ്രീൻ ബോർഡ് എന്നിവയുമുണ്ട്. ക്ലാസ് മുറിയുടെ വിവിധ ഭാഗങ്ങളിലായി വായനമൂല, ഗണിതമൂല, പാവമൂല, നിർമ്മാണ മൂല, സംഗീതമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഇതെല്ലാം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താമെന്ന് ഹെഡ് മിസ്ട്രസ് സി.തങ്കലത പറഞ്ഞു.
ജൈവ വൈവിദ്ധ്യ ഉദ്യാനം
പ്രകൃതിയോട് ഇണങ്ങുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനമാണ് സ്കൂളിലേക്ക് കടന്ന് ചെല്ലുന്ന ആരേയും ആകർഷിക്കുന്നത്. ഒൗഷധത്തോട്ടം, മധുരവനം, നക്ഷത്ര വനം, പൂന്തോട്ടം, ജൈവ പച്ചക്കറി കൃഷി എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഉദ്യാനം. സർക്കാർ സ്കൂളുകൾ മികവിന്റെ പഠനകേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിയ എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡും സ്കൂളിന് ലഭിച്ചു. തകർച്ചയുടെ വക്കിൽ നിന്ന് ഉയർച്ചയിലേക്ക് നീന്തിക്കയറിയ സ്കൂൾ ഇന്ന് നാടിന്റെ അഭിമാനമായി മാറുകയാണ്.