കൊല്ലം: ഇരവിപുരം കാവൽപ്പുര റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി പള്ളിമുക്ക്- ഇരവിപുരം റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇതുവരെ ഉത്തരവിറങ്ങിയില്ല. കാവൽപ്പുരയിൽ നിർമ്മാണ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ ജനുവരിയിൽ റെയിൽവേ ഗേറ്റ് പൂർണമായും അടച്ചത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കുന്നുമില്ല. മേൽപ്പാല നിർമ്മാണത്തിനും റോഡ് വികസനത്തിനുമായി സ്ഥലമേറ്റെടുപ്പും മറ്റ് നടപടിക്രമങ്ങളും തകൃതിയായി മുന്നോട്ട് പോകുന്നതിനിടെയാണ് വിവാദമുയരുന്നത്.

ഇതുവഴി സർവീസ് നടത്തിയിരുന്ന സ്വകാര്യബസുകൾ മറ്റിടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഗതാഗത നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതുകൊണ്ട്, സ്വകാര്യബസുകൾ പുതിയ റൂട്ടിൽ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്ത അവസ്ഥ. റോഡ് പണികളുടെയോ മറ്റോ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവർ കൃത്യമായ നിർദ്ദേശമോ ഉത്തരവോ നൽകാറുണ്ട്. ബസുകളുടെ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. ഏറ്റവും കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നിരിക്കെ ഇരവിപുരം- പള്ളിമുക്ക് റോഡിന്റെ കാര്യത്തിൽ നിർദ്ദേശങ്ങളൊന്നും നൽകാത്തത് പരാതിയായി.

# റൂട്ട് മാറി അധികൃതർ

നിർദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകൾ പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയർ, ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ മേയർ, റോഡ് ട്രാൻസ്പോർട്ടിംഗ് അതോറിട്ടി ചെയർപേഴ്‌സണായ കളക്ടർ, സെക്രട്ടറിയായ ആർ.ടി.ഒ, റെയിൽവേ, പൊലീസ് എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതർ ആവശ്യം ഉന്നയിച്ചുള്ള അപേക്ഷ വാങ്ങാൻ പോലും തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് രജിസ്റ്റേർഡ് തപാലിൽ അയച്ചു. 20 ദിവസം പിന്നിട്ടിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും സ്വകാര്യബസുടമകൾ പറയുന്നു. നിർദ്ദേശമോ ഉത്തരവോ പുറപ്പെടുവിക്കാത്തതിൽ പ്രതിഷേധിച്ച് കാവൽപ്പുര വഴി മയ്യനാട്, ഇരവിപുരം ഭാഗത്തേക്കുള്ള സർവീസ് നിറുത്തിവയ്ക്കുമെന്ന് ബസുടമകൾ പറയുന്നു.

# കാവൽപ്പുര വഴിയുള്ള ബസ് സർവീസ് ഇപ്പോൾ

(ചില സർവീസ് പള്ളിമുക്കിൽ അവസാനിപ്പിക്കും)

 പോളയത്തോട്- പുത്തൻനട- ഇരവിപുരം

 മാടൻനട- പുത്തൻനട- ഇരവിപുരം

 തട്ടാമല- കൂട്ടിക്കട- മയ്യനാട്

 കൊച്ചുപിലാംമൂട്- എച്ച് ആൻഡ് സി- മുണ്ടയ്ക്കൽ- ഇരവിപുരം

വീതിക്കുറവുള്ള റോഡുകളിലൂടെ സർവീസ് നടത്തവേ ഏതെങ്കിലും കാരണവശാൽ അപകടമോ മറ്റോ ഉണ്ടായാൽ ഇൻഷ്വറൻസ് ക്ലയിം ലഭിക്കാൻ ബുദ്ധിമുട്ടാകും. അപകടത്തിൽപ്പെടുന്ന സാധാരണക്കാരായ റോഡ് യാത്രക്കാർക്കും മറ്റും ഭീമമായ തുക ചികിത്സായിനത്തിൽ ചെലവാകുന്ന സാഹചര്യമാണ് ഇതിലൂടെയുണ്ടാകുന്നത്. ബസുടമകളടക്കം നിയമക്കുരുക്കുകളിൽപ്പെടുകയും ചെയ്യും

ലോറൻസ് ബാബു, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ