കുന്നിക്കോട് : നീണ്ട ഏഴു വർഷത്തെ കഠിന പ്രയത്നങ്ങൾക്ക് ഒടുവിൽ ഫലം ഹസീനയെ തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ 'ഉദ്യാന ശ്രേഷ്ഠ' അവാർഡിന്റെ രൂപത്തിലായിരുന്നു അത് ലഭിച്ചത്. ഒരു ലക്ഷം രൂപയും സ്വർണ മെഡലും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആവണീശ്വരം 'ദാറുൽ ഹിദായ' എന്ന വീട്ടുമുറ്റത്ത് ഒരുക്കിയ 'ഹിദായാസ് ഹോം ഗാർഡൻ' എന്ന് പേരിട്ടിരിക്കുന്ന ഉദ്യാനത്തിനാണ് ഹസീന ജബ്ബാർ എന്നറിയപ്പെടുന്ന എൻ.അസീനയ്ക്ക് അവാർഡ് ലഭിച്ചത്. നേരം പോക്കിന് വേണ്ടി വീടിന്റെ പൂമുഖം അലങ്കരിക്കുക എന്നതായിരുന്നു തുടക്കം. പിന്നീട് ചെടികൾക്കും തൈകൾക്കും ആവശ്യക്കാർ ഏറിയതോടെ വാണിജ്യ അടിസ്ഥാനത്തിൽ ചെയ്തു തുടങ്ങി. ഒഴിവു സമയങ്ങളിലെ ഉദ്യാന പരിപാലനത്തിന് സമയം തികയാതെ വന്നപ്പോൾ ഹസീന അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഉദ്യാന പരിപാലനത്തിന് ഇറങ്ങിത്തിരിച്ചു. ഹിന്ദ് റോപ്, പുബിക്കാലിക്സ്, കാർണോസ, സബ്കാൽവിയ, ക്രിങ്കിൾ, വയോള, ബൗട്ടി, റുത്തി, മെലിഘുവ തുടങ്ങി നൂറു കണക്കിന് സ്വദേശ-വിദേശ ഇനത്തിൽപ്പെട്ട ചെടികളാണ് ഹസീനയുടെ ഉദ്യാനത്തിലുള്ളത്. ലോക്കാ പൈലറ്റായ ഭർത്താവ് അബ്ദുൽ ജബ്ബാറും പ്ലസ് വൺ വിദ്യാർത്ഥിനി ജിഹ ഫാത്തിമയും എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിദ ഫാത്തിമയും ഹസീനയ്ക്ക് എല്ലാ സഹായങ്ങളുമായി കൂടെയുണ്ട്.