photo
കൊട്ടാരക്കര ചന്ത

അനുവദിച്ച തുക എങ്ങോട്ട് പോയെന്നോ തടസങ്ങൾ എന്താണെന്നോ ആർക്കും അറിയില്ല.

കൊട്ടാരക്കര: കൊട്ടാരക്കര ചന്തയുടെ ഹൈടെക് സ്വപ്നം യാഥാർത്ഥ്യമാക്കാൻ തുക അനുവദിച്ചിട്ട് ഒന്നര വർഷം. എന്നാൽ ചന്ത ഇപ്പോഴും തട്ടിക്കൂട്ട് സംവിധാനങ്ങളിൽ വീർപ്പുമുട്ടുകയാണ്. ചന്തയുടെ ദുരിതാവസ്ഥ ബോദ്ധ്യപ്പെട്ടതിനാലാണ് ജനപ്രതിനിധികൾ ഇടപെട്ട് കിഫ്ബിയിൽ നിന്ന് 4.40 കോടി രൂപ അനുവദിച്ചത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ചന്തമുക്കിലെ പഴയ മത്സ്യ മാർക്കറ്റ് പൊളിച്ച് നീക്കിയ ശേഷം പുതിയ മാർക്കറ്റ് സമുച്ചയം നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷെ,​ അനുവദിച്ച തുക എങ്ങോട്ട് പോയെന്നോ തടസങ്ങൾ എന്താണെന്നോ ആർക്കും അറിയില്ല.പ്രതിവർഷം 40 ലക്ഷം രൂപ വാടക ഇനത്തിൽത്തന്നെ നഗരസഭയ്ക്ക് ലഭിക്കുന്നുവെന്നാണ് അറിവ്. എന്നാൽ നഗരസഭ യാതൊരുവിധ വികസന പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയില്ല.

ദുരിതങ്ങളുടെ ചന്ത

അടുപ്പുകൂട്ടിയപോലെ കച്ചവട സ്ഥാപനങ്ങളും വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷവുമാണ് കൊട്ടാരക്കര ചന്തയുടെ നിലവിലെ അവസ്ഥ. മത്സ്യ വിപണന കേന്ദ്രത്തിന് ചന്തയിൽ ആസ്പറ്റാസ് ഷീറ്റ് മേഞ്ഞ ഷെഡാണുള്ളത്. മലിന ജലം ഒഴുകിപോകാതെ തളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. ചന്തയിലെ ദുരിതങ്ങളിലേക്ക് ആളുകൾ എത്താൻ മടിച്ചതോടെ വഴിയോരങ്ങളിലെല്ലാം ഇപ്പോൾ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. മഴക്കാലമെത്തിയാൽ ചന്തയ്ക്കുള്ളിലെ ദുരിതങ്ങളേറും. മുൻപ് തീപിടിത്തത്തിൽ കുറെ കടമുറികൾ കത്തിനശിച്ചിരുന്നു. രാത്രി ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഗേറ്റ് സ്ഥാപിക്കുമെന്നും സെക്യൂരിറ്റി സ്റ്റാഫിനെ നിയോഗിക്കുമെന്നുമൊക്കെ നഗരസഭ ചെയർമാൻ പറഞ്ഞത് പാഴ് വാക്കായി. നിരീക്ഷണ കാമറകൾ സ്ഥാപിക്കലും നടന്നില്ല.

ഹൈടെക് ചന്ത പദ്ധതി

കിഫ്ബിയിൽ നിന്നും തുക അനുവദിച്ചത് വലിയ പ്രതീക്ഷയോടെയാണ് നാട്ടുകാരും വ്യാപാരികളും കാത്തിരുന്നത്.

കടമുറികളും വിശ്രമ ഇടങ്ങളും താഴത്തെ നിലയിൽ 33 കടമുറികൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ഒന്നാം നിലയിൽ 19 മത്സ്യ സ്റ്റാളുകൾ, 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ, 28 കടമുറികൾ എന്നിവയും അനുബന്ധമായി പ്രിപ്പറേഷൻ റൂം, ചിൽ റൂം എന്നിവയും സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങൾ,​ ഇറച്ചി തയ്യാറാക്കുന്ന എട്ട് കേന്ദ്രങ്ങൾ,​ വിശ്രമ മുറികൾ,​ ടൊയ്ലറ്റുകൾ,​ പാർക്കിംഗ് ക്രമീകരണം എന്നിവയൊക്കെയാണ് ലക്ഷ്യമിട്ടത്.