bheeshma-
മമ്മുട്ടിയുടെ ഭീഷ്മപർവ്വം സിനിമ കാണാൻ തി​യേറ്ററി​ലെത്തി​യ കരുണാലയത്തിലെ അമ്മമാരെ സ്വീകരി​ക്കുന്നു

കൊല്ലം: പാരിപ്പള്ളി.ചാത്തന്നൂർ കരുണാലായത്തിലെ 25 അമ്മമാർക്ക്, മമ്മൂട്ടിയുടെ പുതിയ സിനിമയായ ഭീഷ്മപർവം കാണാൻ അവസരമൊരുക്കി അമൃതയിലെ സ്റ്റുഡന്റ്സ് പൊലീസ്.

രണ്ടു വർഷം മുൻപുള്ള ക്രിസ്മസിന് അമൃതയിലെ എസ്.പി.സി കേഡറ്റുകൾ കരുണാലയം സന്ദർശിച്ചപ്പോൾ സിനിമ കാണാനുള്ള ആഗ്രഹം അമ്മമാർ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ഒരു സിനിമ തി​യേറ്ററിൽ പോയി കാണണം. അപ്പോൾതന്നെ അമ്മമാർക്ക് അവർ ഉറപ്പുകൊടുക്കുകയും ചെയ്തു. പക്ഷെ കൊവിഡ്‌ പ്രതിസന്ധി മൂലം ഒന്നും നടന്നി​ല്ല. കേഡറ്റുകൾ കരുണാലയം സന്ദർശിക്കുമ്പോഴൊക്കെ സിനിമ കാണാൻ കൊണ്ടുപോകുന്നില്ലേ എന്ന് അമ്മമാർ അന്വേഷിക്കുമായിരുന്നു.
കൊവി​ഡ് ശാന്തമായതോടെ അവരുടെ സിനിമാമോഹം സഫലമാക്കാൻ തീരുമാനിച്ചു. സിനിമ കാണാനുള്ള പണം സ്വരൂപിച്ചതും കേഡറ്റുകളാണ്.
പാരിപ്പള്ളി രേവതി സിനിമാസിലായിരുന്നു അമ്മമാർക്ക് വേണ്ടിയുള്ള പ്രദർശനം സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടോടെ എത്തി​യ ഇവരെ പാരിപ്പള്ളി എസ്.എച്ച്.ഒ അൽ ജബാർ, കൊല്ലം സിറ്റി അഡ്മി​നി​സ്ട്രേഷൻ ഓഫീസർ അനിൽ കുമാർ, അമൃത എച്ച്.എം ഗിരിജാകുമാരി, പി​.ടി​.എ പ്രസിഡന്റ് ആർ. ജയചന്ദ്രൻ, രേവതി സിനിമാസ് എം.ഡി​ ശശിധരൻ ഉണ്ണിത്താൻ, മാനേജർ സുമേഷ്, സി​.എ സൂരജ്, പ്രോജക്ട് കൺസൾട്ടന്റ് രാധാകൃഷ്ണൻ, പി​.ടി​.എ വൈസ് പ്രസിഡന്റ് പി​.എം. രാധാകൃഷ്ണൻ, സി​.പി​.ഒമാരായ എ. സുഭാഷ് ബാബു, ബിന്ദു, രാജേഷ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ചാത്തന്നൂർ കരുണാലയം മാനേജർ സിസ്റ്റർ ദീപ്തി നന്ദി പറഞ്ഞു.