പുതിയ പ്ളാന്റ്

പ്രതിദിനം 19 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കും

11.5 ദശലക്ഷം ലിറ്റർ ജലം നഗരസഭയ്ക്ക്

2024ൽ പദ്ധതി കമ്മിഷൻ ചെയ്യും

പൈപ്പ് ലൈൻ സ്ഥാപിക്കാൻ 110 കോടി

ശുദ്ധീകരണ പ്ളാന്റ് നിർമ്മിക്കാൻ 29 കോടി

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെയും നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകാൻ ബൃഹത് കുടിവെള്ള പദ്ധതി വരുന്നു. കല്ലടയാറ്റിനോട് ചേർന്ന പുത്തൂർ ഞാങ്കടവിൽ നിന്ന് വെള്ളമെത്തിയ്ക്കാനാണ് പദ്ധതി. അമൃത് പദ്ധതിയും ജലജീവൻ മിഷനുമായി ചേർന്ന് ഉടൻ പദ്ധതി യാഥാർത്ഥ്യമാക്കും. ഇതിനായുള്ള ഡി.പി.ആർ തയ്യാറായി. കൊട്ടാരക്കര ഉഗ്രൻകുന്നിൽ തയ്യാറാക്കുന്ന ജലശുദ്ധീകരണ ശാലയിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യം. ഉഗ്രൻകുന്നിൽ ഒന്നര ഏക്കർ ഭൂമി വിലയ്ക്ക് വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഒരു കോടി രൂപ ചെലവിട്ടാണ് ഭൂമി വാങ്ങുന്നത്. ഇതിന് സമീപത്തായി നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഭൂമി പഞ്ചായത്തും വാങ്ങുന്നുണ്ട്.

കുടിവെള്ള ക്ഷാമം മാറും

നിലവിൽ കുണ്ടറ പദ്ധതിവഴിയാണ് കൊട്ടാരക്കരയും നെടുവത്തൂരും കുടിവെള്ളമെത്തുന്നത്. ഇത് എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നില്ല. വേനൽക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നിരവധി പ്രദേശങ്ങൾ രണ്ടിടത്തുമുണ്ട്. ഇവിടേക്ക് പൈപ്പ് ലൈൻ വലിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുംവിധമാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. പ്രതിദിനം 19 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ളാന്റാണ് തയ്യാറാക്കുക. ഇതിൽ 11.5 ദശലക്ഷം ലിറ്റർ ജലം നഗരസഭയിലേക്കും ബാക്കി നെടുവത്തൂരിലേക്കും വിതരണം ചെയ്യും. 2024ൽ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

പൈപ്പ് ലൈനുകൾ സ്ഥാപിക്കണം

കുണ്ടറ പദ്ധതിയുടെ പൈപ്പ് ലൈൻ വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ ഇടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതാണ് വലിയ കടമ്പ. പൈപ്പ് ലൈൻ സ്ഥാപിക്കാൻ 110 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ശുദ്ധീകരണ പ്ളാന്റ് നിർമ്മിക്കാൻ 29 കോടി രൂപയും വേണ്ടിവരും. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ കാര്യമായി ഇടപെടുന്നതിനാൽ തുകയുടെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.