photo
മാലിന്യം കാരണം ഒഴുക്ക് നിലച്ച കെ.ഐ.പി കനാൽ

പോരുവഴി : കെ.ഐ.പി കനാലിലെ മാലിന്യം കാരണം നാട്ടുകാർക്ക് മൂക്കുപൊത്താതെ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ കൂട്ടത്തിൽ ചീഞ്ഞ് അളിഞ്ഞ നായുടെ ജ‌ഡംവരെയുണ്ട്. ഇടയ്ക്കാട് തെക്ക് ഏഴാംമൈൽ പാലത്തുംകടവ് റോഡിൽ കൈരളി വായന ശാലയ്ക്ക് വടക്ക് വശത്ത് കെ. ഐ.പി കനാലിലൂടെ മാലിന്യങ്ങൾ വന്നടിയുന്നത് കലുങ്ക് റോഡിലാണ്.

അരനൂറ്റാണ്ട് പഴക്കമുള്ള, സിമെന്റ് പൈപ്പ് കൊണ്ടുമാത്രം നിർമ്മിച്ച ഈ കലുങ്കിൽ മാലിന്യം അടിഞ്ഞുകൂടുന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും

പരിസരമാകെ ദുർഗന്ധപൂർണമാകുകയും ചെയ്യും.

ചത്ത നായ്, ഇഴ ജന്തുക്കൾ, പ്ലാസ്റ്റിക് എന്നിവ ഉൾപ്പടെയുള്ള മാലിന്യം കെട്ടിക്കിടക്കുന്നതിലൂടെ ഉയരുന്ന ദുർഗന്ധം കാരണം നാട്ടുകാരും യാത്രക്കാരും വലിയ ബുദ്ധിമുട്ടിലാണ്. ദുർഗന്ധം സഹിക്കവയ്യാതാകുമ്പോൾ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി മാലിന്യം വാരിക്കളഞ്ഞ് കനാൽ വൃത്തിയാക്കുന്നതും പതിവാണ്.

അടുത്തകാലത്ത് പി.ഡബ്ളിയു. ഡി അധികൃതർ ചീക്കക്കടവ്- പാലത്തുംകടവ് റോഡ് ഹൈടെക്ക് ആക്കിയിട്ടും 50 വർഷം പിന്നിട്ട കലുങ്കിനെ അവഗണിക്കുകയായിരുന്നു.

റോഡുപണി തുടങ്ങിയപ്പോൾ തന്നെ കലുങ്കിന് പകരം പുതിയപാലം പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പി.ഡബ്ളിയു.ഡി അധികൃതർക്ക് നേരിട്ട് പരാതി നൽകിയതാണ്. മാത്രമല്ല, എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും കലുങ്കിന്റെ ദുരവസ്ഥ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും എന്നാൽ, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കല്ലട ജലസേചന പദ്ധതി (കെ.ഐ.പി) അധികൃതരുടെ അനുവാദത്തോടെ പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നിരിക്കെ അതിന് മുതിരാത്തത് അനാസ്ഥയാണ് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇനിയെങ്കിലും ബന്ധപ്പെട്ട അധികൃതർ പ്രശ്നം

നേരിൽ കണ്ട് ഒരു പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

റോഡുകൾ മണ്ണായിരുന്നപ്പോഴും ജനസാന്ദ്രത കുറഞ്ഞകാലത്തും നിർമ്മിച്ചതാണ് ഇപ്പോഴുള്ള കലുങ്ക്.

റോഡുകൾ ഹൈടെക് ആയപ്പോഴും കലുങ്ക് മാറ്റുന്നില്ല. കനാലിൽ വെള്ളം നിറയുന്നതോടെ കലുങ്കിലെ വ്യാസമില്ലാത്ത പൈപ്പ് മാലിന്യം കൊണ്ട് അടഞ്ഞ് ദുർഗന്ധം പതിവാണ്. പല തവണ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല.

എൻ.തങ്കപ്പൻ, പ്രദേശവാസി

എൻ.ടി.എസ് ഭവനം, ഇടയ്ക്കാട് തെക്ക്

എം .എൽ.എയെ വിവരം ധരിപ്പിച്ചിട്ടുള്ളതാണ്. കെ.ഐ .പി യുടെ അനുവാദം വാങ്ങി പി.ഡബ്ളിയു.ഡിക്ക് കാര്യങ്ങൾ ചെയ്യാവുന്നതാണ്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് ഒരു തീരുമാനവും ഉണ്ടാകുന്നില്ല.

ശ്രീതാസുനിൽ, വാർഡ് അംഗം, പോരുവഴി ഗ്രാമപഞ്ചായത്ത്