
കൊല്ലം: നൂറ് കോടിയോളം രൂപ വിലവരുന്ന എച്ച് 145 എയർബസ് ഹെലികോപ്ടർ സ്വന്തമാക്കി ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. രവിപിള്ള. ഇത്രയും വിലയുള്ള ഹെലികോപ്ടർ എഷ്യൻ രാജ്യങ്ങളിൽ ഒരാൾ സ്വന്തമാക്കുന്നത് ആദ്യമാണ്.
ഇന്ത്യയിലെ ആദ്യത്തെ അഞ്ച് ബ്ലേഡുള്ള ഹെല്കോപ്ടർ കൂടിയാണ് എച്ച് 145. ബ്ലേഡുകൾക്ക് ബെയറിംഗും ഹിൻജസുമില്ലെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ സഞ്ചരിക്കുമ്പോൾ ശബ്ദവും തീരെ കുറവാണ്. നൂതനവും ഉയർന്ന നിലവാരത്തിലുള്ളതുമായ റോട്ടർ ക്രാഫ്ടായതിനാൽ 22000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയും. സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി അത്യാധുനിക ഏവിയോണിക്സ് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. മെഴ്സിഡൻസ് ബെൻസ് കമ്പിനിയാണ് ഹെലികോപ്ടറിനുള്ളിൽ ഫൈവ് സ്റ്റാർ നിലവാരത്തിൽ ഇന്റീരിയർ തയ്യാറാക്കിയിരിക്കുന്നത്. കൊക്കൂൺ സംവിധാനമുള്ള പാസഞ്ചർ കാബിനായതിനാൽ ഹെലികോപ്ടർ സഞ്ചരിക്കുമ്പോൾ യാത്രക്കാർക്ക് പ്രകമ്പനം അനുഭവപ്പെടില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഡോ. ബി. രവിപിള്ളയും മകൻ ഗണേഷ് രവിപിള്ളയും എച്ച് 145ൽ കൊല്ലത്തെ റാവിസ് ഹോട്ടലിനോട് ചേർന്ന് ആർ.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പദ്മവിലാസിലെ ഹെലിപാഡിൽ പറന്നിറങ്ങി. ഒരു മണിക്കൂറിന് ശേഷം ഹെലികോപ്ടറിൽ തന്നെ മടങ്ങുകയും ചെയ്തു. ആർ.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കൊല്ലത്തുള്ള ഉപാസന ആശുപത്രിയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങുകളുടെ ഒരുക്കങ്ങൾ വിലയിരുത്താനാണ് അദ്ദേഹം എത്തിയത്.
''''
ആരോഗ്യ, വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടാണ് അത്യാധുനിക നിലവാരത്തിൽ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമ്മിച്ച എച്ച് 145 ഹെലികോപ്ടർ വാങ്ങിയത്.
ഡോ. ബി. രവിപിള്ള