palathara
പാലത്തറ ക്ഷേത്രത്തിലെ നെടും കുതിരയെടുപ്പും കെട്ടുകാഴ്ചയും

കൊട്ടിയം: പാലത്തറ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം പതിനായിരങ്ങൾക്ക് ഭക്തി സാന്ദ്രമായ അനുഭവമായി, നാടിനാകെ ആഘോഷവും. ആചാരാനുഷ്ഠാന പ്രകാരമുള്ള ക്ഷേത്രകലകൾ ഉൾപ്പെടുത്തിയായിരുന്നു ഓരോ ഉത്സവദിവസങ്ങളും കടന്നുപോയത്.

പത്താം ഉത്സവത്തിന് ദർശന പ്രാധാന്യമേകി ഇന്നലെ രാവിലെ 11ന് കളഭാഭിഷേകം നടന്നു, ഉച്ചയ്ക്ക് 2.50ന് ആറാട്ട് അനുജ്ഞാപൂജയും. വൈകിട്ട് 4ന് പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ശീവേലി വിഗ്രഹ സഹിതം ആറാട്ട് എഴുന്നള്ളത്ത്, ആറാട്ടുബലി, ആറാട്ടുകടവ് കർമ്മങ്ങൾ എന്നിവ നടന്നു. നെടുംകുതിരയെടുപ്പ് കാണാൻ ആയിരങ്ങൾ ആവേശത്തോടെ ക്ഷേത്ര മൈതാനത്തെത്തി. തെക്കൻ കേരളത്തിലെ തലയെടുപ്പുള്ള ആനകളെ വീക്ഷിക്കാൻ ആനപ്രേമികളും ഇരച്ചെത്തി. താലപ്പൊലിയും ഉത്സവത്തിന് വർണാഭ പകർന്നു. ഒരുമയോടെ ഉത്സവം നടത്താൻ കഴിഞ്ഞതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് എസ്.സുധീർ, സെക്രട്ടറി എസ്.ബിജുലാൽ, ട്രഷറർ രാജീവ് പാലത്തറ, വൈസ് പ്രസിഡന്റ് എസ്.അനു, കൺവീനർ ബിനു സദാശിവൻ, തുടങ്ങിയവർ നേതൃത്വം വഹിച്ചു.