ചവറ : വിവിധ മേഖലകളിൽ നിരവധി മഹാരഥന്മാരെ സൃഷ്ടിച്ച നാടാണ് ചവറയും അഷ്ടമുടിക്കായലിന്റെ തീരവുമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. നാടിന്റെ സ്പന്ദനം അറിഞ്ഞ് കലാസാഹിത്യ, സാംസ്കാരിക രംഗത്ത് യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ് സമന്വയം ഒരു കൂട്ടായ്മയെന്നും ചവറ ഭരണിക്കാവിൽ സമന്വയം ഒരു കൂട്ടായ്മ ഒരുക്കിയ പ്രതിഭാസംഗമ സന്ധ്യ മണിമുഴക്കം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സമന്വയം ഒരു കൂട്ടായ്മയുടെ പ്രസിഡന്റ് ജെ. ഗോപകുമാർ അദ്ധ്യക്ഷനായ പ്രതിഭാ സംഗമത്തിൽ, ആർട്ടിസ്റ്റ് സുജാതൻ മുഖ്യപ്രഭാഷണം നടത്തി. നാടകരചനയിൽ 50 വർഷം പൂർത്തിയാക്കുന്ന അഡ്വ. മണിലാൽലിനെ 50 കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് ചവറ കെ. എസ്. പിള്ള, ചവറ ശിവി, അമ്മിണി എസ്. ഭദ്ര, ചവറ ബെഞ്ചമിൻ, ചവറ തുളസി, അറക്കൽ ശ്രീകുമാർ, ജോസ് ടൈറ്റസ്, രശ്മി സഞ്ജയൻ, ഫാത്തിമ താജുദ്ദീൻ. ഫാദർ ക്രിസ്റ്റഫർ ഹെൻട്രി, ജോസ് കോയിവിള എന്നീ പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ആദരിച്ചു. വിവിധ മത്സര പരീക്ഷകളിലും സർവ്വകലാശാല, അക്കാദമിക് പരീക്ഷകളിലും വിജയം നേടിയ യുവ പ്രതിഭകളെയും ആദരിച്ചു. ജോസ് വർഗ്ഗീസ് പ്രതിഭാ സംഗമത്തിന് സ്വാഗതവും സനിൽ എസ്. നങ്ങേഴം നന്ദിയും പറഞ്ഞു.