rishiraj
ഋഷിരാജ് സിംഗ് ഐ പി എസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞുങ്ങൾക്കായി ഓർത്തഡോക്സ്‌ സഭയുടെ മാർ ബസേലിയോസ് മാത്യൂസ് ദ്വിദീയൻ കാതോലിക്ക ബാവയുടെ പേരിൽ കിഴക്കേത്തെരുവിൽ സ്ഥാപിച്ച സ്റ്റേഹ ഭവന്റെ 25-ാം വാർഷികവും സ്നേഹ ഭവൻ ഡയറക്ടർ എ. ജെ. ശാമുവേൽ റമ്പാച്ചന്റെ സപ്തതി ആഘോഷവും നടന്നു. മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര, പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാന്നോൻ മാർ തോവോദോറോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായ വാർഷികാഘോഷവും സപ്തതി ആഘോഷവും ഋഷിരാജ് സിംഗ് ഐ. പി. എസ് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർമാൻ എ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി സപ്തതി ജീവകാരുണ്യ നിധിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആർദ്രം ചികിത്സാ ധനസഹായ വിതരണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. സി. ഡി. രാജൻ നല്ലില ജൂബിലി സന്ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യചന്ദ്രശേഖരൻ , ഗ്രാമ പഞ്ചായത്തഗം ഓമന രവീന്ദ്രൻ , റിട്ട.തഹസീൽദാർ ജോസ് രാജു, റവ. രാജൻ ജോർജ്ജ് കോർ എപ്പിസ്കോപ്പ ,വി. ജെ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എ.ജെ. ശാമുവേൽ റമ്പാൻ മറുപടി പ്രസംഗം നടത്തി. സ്നേഹ ഭവൻ സെക്രട്ടറി ഫാ.ജെ മാത്യുക്കുട്ടി സ്വാഗതവും സ്നേഹ ഭവൻ ഹെഡ് മാസ്റ്റർ ലിപിൻ പുന്നൻ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സ്നേഹ ഭവനിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.