
കൊല്ലം: ദേശീയപാത 66 നാലുവരിപാതയാക്കുന്നതിന്റെ ഭാഗമായി പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ മണ്ണ് നിറച്ചുള്ള റിട്ടേണിംഗ് ഭിത്തിയോട് കൂടി അടിപ്പാതകൾ നിർമ്മിക്കുന്നതിന് പകരമായി പില്ലറിൽ നിർമ്മിക്കുന്ന എലിവേറ്റഡ് ഹൈവേയായി അലൈൻമെന്റ് നിശ്ചയിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
റോഡ് ഗതാഗതവും ഹൈവേയും സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി. വികസിത ജംഗ്ഷനുകളുടെ പുരോഗതി അപ്രസക്തമാക്കുന്ന അശാസ്ത്രീയ വികസന കാഴ്ചപ്പാട് ഉപേക്ഷിക്കണമെന്നും എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനായി വരുന്ന അധികച്ചെലവ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി വഹിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ദേശീയ പാത 744, 183, 183 എ, ബൈപ്പാസ് ഉൾപ്പെടുന്ന ദേശീയപാത 66 ഉൾപ്പെടെയുള്ളവയുടെ വികസനത്തിന് പതിനായിരം കോടിയോളം രൂപയുടെ പദ്ധതിക്ക് രൂപം നൽകിയ കേന്ദ്രമന്ത്റി നിതിൻ ഗഡ്കരിയെ എം.പി പ്രശംസിച്ചു.
കൊല്ലം- തേനി ദേശീയ പാതയുടെ (എൻ.എച്ച് 183) അനുബന്ധ പാതയായി ചവറ ടൈറ്റാനിയം ജംഗ്ഷൻ മുതൽ ഭരണിക്കാവ് വരെ പുതിയഗ്രീൻ ഫീൽഡ് പാത നിർമ്മിക്കണം, ഭരണപരമായ നടപടികൾ പൂർത്തീകരിച്ച കൊല്ലം ബൈപ്പാസ് 6 വരി പാതയായി വികസിപ്പിക്കുന്ന പ്രവൃത്തി വേഗത്തിൽ ആരംഭിക്കണം. ആര്യങ്കാവ് - കടമ്പാട്ടുകോണം പുതിയ ഗ്രീൻഫീൽഡ് ദേശീയപാതയുടെ അലൈൻമെന്റ് വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും എം.പി ഉന്നയിച്ചു.