krail-
കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നാരംഭിച്ച സംസ്ഥാന സമരജാഥയുടെ 21-ാം ദിവസം ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ റെയിൽ പദ്ധതിയെപ്പറ്റി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരപ്പിച്ച് സാക്ഷര കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 'വിനാശകരമായ കെ റയിൽ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യമുയർത്തി കാസർകോട് നിന്നാരംഭിച്ച സംസ്ഥാന സമരജാഥയുടെ 21-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെയും ഈ നാട് നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ഒപ്പം നിൽക്കുന്നത്. മുംബയ്- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല എന്ന് തീരുമാനമെടുത്ത പാർട്ടിയാണ് കെ റെയിലിന് വാശി പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, മുസ്ലീം ലീഗ് സംസ്ഥാന ട്രഷറർ മുഹമ്മദ് അലി, ഫോർവേഡ് ബ്ലോക്ക് നേതാവ് പ്രകാശ് മൈനാഗപ്പള്ളി, എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം വി. വിനോദ്, മദ്യ വിരുദ്ധ മുന്നണി ജില്ലാ സെക്രട്ടറി ഫാ. ഗീവർഗ്ഗീസ് തരകൻ, സമിതി രക്ഷാധികാരി ഷൈല കെ.ജോൺ, ജില്ലാ കമ്മിറ്റിയംഗം ആർ.രാഹുൽ തുടങ്ങിയവർ സംസാരിച്ചു.

ജാഥാ ക്യാപ്ടൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്ടൻ എസ്.രാജീവൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. സംസ്ഥാന രക്ഷാധികാരി എം.ഷാജർഖാൻ, സംസ്ഥാന സമിതിയംഗംങ്ങളായ മിനി കെ.ഫിലിപ്, സി.കെ.ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.