sreejith-

കൊല്ലം: വൃക്കയി​ൽ കാൻസർ ബാധിതനായ യുവാവ് ജീവൻ നി​ലനി​റുത്താൻ സുമനസുകളുടെ കരുണ തേടുന്നു. പുന്തലത്താഴം പേരൂർ മീനാക്ഷിവിലാസം സ്കൂളിന് സമീപം പേരൂർ ചേരിയിൽ ആനന്ദഭവനിൽ വാടകയ്ക്ക് താമസിക്കുന്ന എസ്. ശ്രീജിത്താണ് (41) ചി​കി​ത്സാ ചെലവി​ന് മുന്നി​ൽ നി​സഹായനായി​ നി​ൽക്കുന്നത്.

കൊവിഡ് ബാധിച്ചതിന് പിന്നാലെ ശ്രീജി​ത്തി​ന് ന്യുമോണിയ പിടിപെട്ടു. തുടർന്ന് ജില്ലാ ആശുപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം സ്കാൻ ചെയ്തപ്പോൾ ഒരു വൃക്ക പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ നടത്തിയ പരിശോധനയിൽ ഇടതു വൃക്കയിൽ ട്യൂമർ വളരുന്നതായി കണ്ടെത്തി. ആ വൃക്ക നീക്കം ചെയ്തില്ലെങ്കിൽ അർബുദം രണ്ടാമത്തെ വൃക്കയെയും ബാധിക്കുമെന്നും ഡോക്ടർ അറിയിച്ചു. ബന്ധുക്കളിൽ നിന്നു അഞ്ചേകാൽ ലക്ഷം രൂപ കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്.

സ്വകാര്യ കമ്പനി​യി​ലെ ഡ്രൈവറായി​രുന്ന ശ്രീജി​ത്തി​ന് രണ്ടു മക്കളുണ്ട്. മകൻ ഒമ്പതി​ലും മകൾ നാലി​ലും പഠി​ക്കുന്നു. കൊവി​ഡ് കാലത്ത് കമ്പനി​ പൂട്ടി​. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം വർഷങ്ങളായി വാടകവീട്ടിലാണ് താമസം. തി​രുവനന്തപുരം ആർ.സി​.സി​യി​ൽ ഇനി ഏഴ് കീമോതെറാപ്പി ചെയ്യണം. ഒരെണ്ണത്തിന് ഏകദേശം 65,000 രൂപയാണ് ചെലവ്. ചിലപ്പോൾ കൂടുതൽ കീമോതെറാപ്പി ചെയ്യേണ്ടിവരുമെന്നും ഡോക്ടർമാർ പറയുന്നു. അവശനായതോടെ ജോലിക്ക് പോകാനും കഴിയുന്നില്ല. ഭാര്യയ്ക്ക് വരുമാനമുള്ള ജോലിയുമി​ല്ല. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണ് ഈ കുടുംബം. സഹായം സ്വീകരി​ക്കാനായി​ ശ്രീജിത്തി​ന്റെ പേരി​ൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചാമക്കട ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ: 9946606661, അക്കൗണ്ട് നമ്പർ: 4344000103533385, ഐ.എഫ്.എസ് കോഡ്: പി.യു.എൻ.ബി 0434400, ഫോൺ: 9946606661.