കൊല്ലം : ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ക്ഷീരസംഗമം വാക്കനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ 23,24 തീയതികളിൽ നടക്കും.
ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല, ഡയറി എക്സിബിഷൻ, ക്ഷീരവികസന സെമിനാർ, നാടൻ ഉരുക്കളുടെ പ്രദർശനം, ജില്ലാ പഞ്ചായത്ത് മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനം, കരീപ്ര പഞ്ചായത്തിന് അനുവദിച്ച ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം, പൊതുസമ്മേളനം എന്നിവ ഉണ്ടാകും.
24ന് 11.30 മുതൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ക്ഷീരസംഘവും മന്ത്രി കെ.എൻ. ബാലഗോപാൽ ക്ഷീരഗ്രാമവും ഉദ്ഘാടനവും നിർവഹിക്കും. ജി. എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി. പി. ഉണ്ണിത്താൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, കരിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.
23ന് ക്ഷീരസംഘം ജീവനക്കാർക്കുളള ശില്പശാലയിൽ ബിജി.വി.ഈശോ (റിട്ട. ജോയിന്റ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്) “കേരള സഹകരണ നിയമം – ക്ഷീരസംഘം ജീവനക്കാർ അറിയേണ്ടവ” എന്ന വിഷയത്തിലും, മെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലീഡർഷിപ്പ് ഡെവലപ്മെന്റ് ഡയറക്ടർ അജിത് കുമാർ രാമസ്വാമി “ശരിയായ മനോഭാവം വിജയത്തിനാധാരം” എന്ന വിഷയത്തിലും ക്ലാസുകൾ എടുക്കും.
രണ്ടാം ദിവസം നടക്കുന്ന ക്ഷീരവികസന സെമിനാറിൽ “ ഭക്ഷ്യ സുരക്ഷ – കർഷകർ അറിയേണ്ടുന്ന വസ്തുതകൾ” എന്ന വിഷയത്തിൽ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ പി.ഇ. ഡോളസും “ തീറ്റപ്പുൽകൃഷി സാദ്ധ്യതകൾ” എന്ന വിഷയത്തിൽ കെ.എൽ.ഡി.ബി കുളത്തൂപ്പുഴ ഡെപ്യൂട്ടി മാനേജർ സി.ഉണ്ണികൃഷ്ണപിള്ള ക്ലാസ് നയിക്കും.
വാക്കനാട് ക്ഷീരസംഘം പ്രസിഡന്റ് ജി. മോഹനൻ സ്വാഗത സംഘം ചെയർമാനും കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ബി.എസ്. നിഷ ജനറൽ കൺവീനറുമാണ്.