കൊല്ലം: മദ്ധ്യവയസ്‌കയെയും ബന്ധുവിനെയും വീട്ടിൽ കയറി ആക്രമിച്ച ആറംഗ സംഘത്തിലെ അഞ്ചുപേർ പിടിയിലായി. ആലപ്പാട് അഴീക്കൽ ധർമ്മപുരി വീട്ടിൽ അശ്വിൻ (22), കടവത്ത് വീട്ടിൽ അമൃതേഷ് (20), തുണ്ടിൽ തറയിൽ വീട്ടിൽ അർജുൻ (20), പുത്തൻപറമ്പിൽ വീട്ടിൽ ഷിജോ (20), മംഗലശേരി വീട്ടിൽ ആകാശ് (22) എന്നിവരാണ്‌ പിടിയിലായത്.

ആലുപീടിക ആനന്ദവല്ലീശ്വരം ക്ഷേത്ര ഉത്സവത്തിൽ അടിയുണ്ടാക്കിയവരെ കാണിച്ചുകൊടുക്കാൻ തയ്യാറാകാതിരുന്ന മദ്ധ്യവയസ്‌കയെയും ഇവരുടെ ബന്ധുവായ യുവാവിനെയുമാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മദ്ധ്യവയസ്കകയ്ക്ക് മർദ്ദനമേറ്റത്. സംഭവ ശേഷം ഒളിവിൽപോയ യുവാക്കളിൽ അഞ്ചുപേർ ഒരുമിച്ച് സഞ്ചരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ ഓച്ചിറയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഓച്ചിറ ഇൻസ്‌പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എൽ. നിയാസ്, ഷെരീഫ്, സതീഷ് കുമാർ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ സനീഷ്, രഞ്ചിത്ത്, മിനി, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.