 
പടിഞ്ഞാറെ കല്ലട : കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണജോലികൾ അന്തിമഘട്ടത്തിലേക്ക്. 2021 മാർച്ചിൽ ആരംഭിച്ച ജോലികൾ കൊവിഡ് വ്യാപനത്തെ തുടർന്ന് ഏതാനും മാസങ്ങൾ നിർത്തി വയ്ക്കേണ്ടി വന്നെങ്കിലും, ഏഴു മാസങ്ങൾക്ക് മുമ്പ് പണിപുനരാരംഭിക്കുകയും ജനുവരി മാസത്തോടുകൂടി 4 മീറ്റർ ഉയരത്തിലും 7 മീറ്റർ വീതിയിലുമായി പുതിയ അടിപ്പാതയുടെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ഏകദേശം രണ്ടു കോടി രൂപയാണ് നിർമാണ ചെലവ്. ഇപ്പോൾ ലൈനുകളുടെ ഇരുവശവുമായി 240 മീറ്റർ നീളത്തിലുള്ള സമാന്തര റോഡിന്റേയും പാർശ്വഭിത്തിയുടേയും ജോലികളാണ് നടന്നുവരുന്നത്. അടുത്ത മാസം അവസാനത്തോടെ മുഴുവൻ ജോലികളും പൂർത്തിയാക്കി യാത്രയ്ക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതോടെ, നാടിന്റെ വികസനത്തിന് വർഷങ്ങളായി തടസം നിന്നിരുന്ന റെയിൽവേഗേറ്റ് ഒഴിവാക്കപ്പെടുകയും യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയും ചെയ്യും.