കുന്നത്തൂർ : കുന്നത്തൂർ - കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ടെണ്ടർ നടപടികൾ അടുത്തമാസം അഞ്ചിന് മുമ്പ് തുടങ്ങുമെന്ന് എം.എൽ.എ മാരായ സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ എന്നിവർ അറിയിച്ചു. കുന്നത്തൂർ - കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ കുന്നത്തൂർ,പോരുവഴി,ശൂരനാട് വടക്ക്, തൊടിയൂർ,തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
കല്ലടയാർ തീരത്ത് കുന്നത്തൂരിൽ ഏറ്റെടുക്കുന്ന ഒന്നര ഏക്കർ സ്ഥലത്താണ് 44 ദശലക്ഷം ലിറ്റർ വരുന്ന ടാങ്ക് നിർമ്മിക്കുന്നത്. ഈ ടാങ്കിൽ നിന്ന് ജലം ശുദ്ധീകരണ ശാലയിലേക്കും അവിടെ നിന്ന് ആറ് പഞ്ചായത്തുകളിലെ ക്ലിയർ വാട്ടർ ട്രാൻസ് മിഷൻ നെറ്റ്‌വർക്ക് പൈപ്പുകളിലൂടെ പുതുതായി നിർമ്മിക്കുന്ന ടാങ്കുകളിലേക്ക് എത്തിച്ചു നൽകും. ഇവിടെ നിന്ന് അതത് പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനകരമാകുന്ന രീതിയിൽ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത് എന്നും അവർ പറഞ്ഞു. കുന്നത്തൂരിൽ ടാങ്ക് നിർമ്മിക്കാൻ കണ്ടെത്തിയിട്ടുള്ള ഒന്നര ഏക്കർ സ്ഥലത്തിന് ആറ് പഞ്ചായത്തുകളുടെയും വിഹിതമായ 90 ലക്ഷം രൂപ കുന്നത്തൂർ പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഈ ആഴ്ചയോടുകൂടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ എഴുത്ത് പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
332 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടർ നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നടന്ന ഉന്നതതല യോഗത്തിൽ എം.എൽ.എമാരെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,വാട്ടർ അതോറിട്ടി -പൊതുമരാമത്ത് വകുപ്പ് അധികൃതർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ടാങ്കുകൾ നിർമ്മിക്കുന്ന സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏപ്രിൽ 5 ന് മുമ്പ് സന്ദർശിക്കാനും തീരുമാനിച്ചു. 2023 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.