 
മയ്യനാട്: ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3 അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നു. 22-ാം വാർഡിൽ ഗ്രാമപഞ്ചായത്ത് രണ്ട് അങ്കണവാടികൾക്കായി കഴിഞ്ഞ വർഷം വാങ്ങിയ വസ്തുവിലും 20-ാം വാർഡിൽ റവന്യു വകുപ്പ് ഗ്രാമപഞ്ചായത്തിന് കൈമാറിയ വസ്തുവിലുമാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.
മുൻ വർഷം തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 19-ാംവാർഡിലും അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് വിഹിതമായി 5 ലക്ഷം, തൊഴിലുറപ്പ് പദ്ധതി വിഹിതമായി 5 ലക്ഷം, ബ്ലോക്ക് ജില്ല വിഹിതമായി 5 ലക്ഷം ഉൾപ്പെടെ 15 ലക്ഷം രൂപയാണ് ഒരു അങ്കണവാടിക്ക് കെട്ടിട നിർമ്മിക്കാൻ വിനിയോഗിക്കുന്നത്. നിർമ്മാണോദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ എന്നിവർ ചേർന്നു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ എ. സജീർ, ചിത്ര ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, ഗ്രാമ പഞ്ചായത്തംഗങ്ങളായ റാഫി, മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അലോഷ്യസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ബാലനാരായണൻ, ജോയിന്റ് ബി.ഡി.ഒ രതി, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ ജോർജ് എന്നിവർ പങ്കെടുത്തു.