jilla-

കൊല്ലം: വനസംരക്ഷണം മാനവരാശിയുടെ കർത്തവ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ. അന്താരാഷ്ട്ര വനദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടയ്ക്കൽ ഗവ. എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ സംരക്ഷിച്ച് സുസ്ഥിര വികസനമാണുണ്ടാകേണ്ടത്. സമസ്ത മേഖലകളിലെ വികസനത്തിനും പ്രകൃതി സുരക്ഷയ്ക്കും വനങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ജലസ്രോതസുകളുണ്ടെങ്കിലും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന സാഹചര്യം തിരിച്ചറിയണം. ഓരോരുത്തരും അവരവരുടെ ജന്മദിനത്തിൽ വൃക്ഷത്തൈകൾ നടണം. കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകുമ്പോൾ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന വ്യവസ്ഥ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കവികളായ കുരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ എന്നിവരുടെ നേതൃത്വത്തിൽ കവിഅരങ്ങും വിദ്യാർത്ഥികൾ കലാപരിപാടികളും സംഘടിപ്പിച്ചു.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. നജീബത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കടയ്ക്കൽ, വാർഡ് അംഗം ഡി.എസ്. സബീത, പി.ടി.എ പ്രസിഡന്റ് തങ്കരാജ് തുടങ്ങിയവർ പങ്കെടുത്തു. സോഷ്യൽ ഫോറസ്ട്രി കൊല്ലം ഡിവിഷൻ അസി. കൺസർവേറ്റർ വി.ജി. അനിൽകുമാർ സ്വാഗതവും പ്രിൻസിപ്പൽ എ. നജീം നന്ദിയും പറഞ്ഞു.